ഗാസയിൽ 55 പേരെക്കൂടി കൊന്നുതള്ളി

ഗാസ സിറ്റി:
വെടിനിർത്തൽ ചർച്ച പുരോഗമിക്കവേ ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. വ്യാഴാഴ്‌ച ഇസ്രയേൽ സൈന്യം ഗാസയിൽ 55 പേരെക്കൂടി കൊലപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ 82 പേരാണ് കൊല്ലപ്പെട്ടത്. ഇന്ധനക്ഷാമം ആശുപത്രികളുടെ പ്രവർത്തനത്തിന് തിരിച്ചടിയായി.
മാസം തികയാതെ പിറന്ന 100 കുഞ്ഞുങ്ങളുടെയും 350 ഡയാലിസിസ് രോഗികളുടെയും നില അപകടത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും രണ്ടുദിവസം ചർച്ച നടത്തിയിട്ടും ഗാസ വെടിനിർത്തലൽ തീരുമാനമായില്ല.
ഖത്തറിൽ നടക്കുന്ന ചർച്ചയിലും അന്തിമ തീരുമാനമായിട്ടില്ല.
അതിനിടെ, ചെങ്കടലില്‍ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് ഹൂതികൾ മിസൈൽ ആക്രമണം നടത്തി. ഗ്രീക്ക് ഉടമസ്ഥതയിലുള്ള ‘എറ്റേണിറ്റി സി' എന്ന കപ്പലിനുനേരെ തിങ്കൾ രാത്രി നടന്ന ആക്രമണത്തിൽ നാല് നാവികർ കൊല്ലപ്പെട്ടിരുന്നു.










0 comments