എണ്ണമറിയാതെ വന്യജീവി പ്രതിരോധം; കടുവകളുടെ സെൻസസ് പ്രസിദ്ധീകരിക്കൽ നീളുന്നു

എം സനോജ്
Published on Oct 02, 2026, 04:38 PM | 1 min read
നിലമ്പൂർ : കേരളത്തിലെ കടുവകളുടെ സെൻസസ് ഫലം പ്രസിദ്ധീകരിക്കൽ അനിശ്‌ചിതമായി നീളുന്നു. 2025 ഡിസംബർ ഒന്നിന് ആരംഭിച്ച ആറാമത് ദേശീയ കടുവ സെൻസസ് ജൂലൈയിൽ പൂർത്തിയാക്കി ഫലം ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് സമർപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ ഒക്ടോബറായിട്ടും ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. മറ്റ് മാംസഭോജികളുടെ സാന്നിധ്യം, ഇരജീവികളുടെ ബാഹുല്യം, ആവാസവ്യവസ്ഥയുടെ ഗുണനിലവാരം, മനുഷ്യ ഇടപെടലുകളുടെ സ്വാധീനം തുടങ്ങിയ വിവരങ്ങളും സെൻസസിൽ ശേഖരിച്ചിട്ടുണ്ട്. വന്യജീവി സംഘർഷം വർധിക്കുന്നതിനിടെയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന ഘടകമായ ഇൗ റിപ്പോർട്ട് പുറത്തുവിടാത്തത്.
പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങൾ ഉൾപ്പെടെ 37 ഫോറസ്റ്റ് ഡിവിഷനുകളിലെ 675 ബ്ലോക്കുകളിലായാണ് കണക്കെടുപ്പ് നടത്തിയത്. മൂന്ന് ഘട്ടങ്ങളായായിരുന്നു സെൻസസ്. ആദ്യഘട്ടത്തിൽ ട്രാൻസെക്ടുകളിലും നിർദിഷ്ട പാതകളിലും സഞ്ചരിച്ച് കടുവ ഉൾപ്പെടെയുള്ള മാംസഭോജികളുടെയും സസ്യഭോജികളുടെയും സാന്നിധ്യം, വനമേഖലയുടെ ഗുണമേന്മ തുടങ്ങിയവ രേഖപ്പെടുത്തി. എം-സ്ട്രൈപ്സ് (M-STrIPES) മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു വിവരശേഖരണം.
ഇൗ വിവരങ്ങളുടെ വിശകലനമായിരുന്നു രണ്ടാംഘട്ടം. മൂന്നാംഘട്ടത്തിൽ പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങളിലും സമീപ വനമേഖലകളിലും രണ്ട് ചതുരശ്ര കിലോമീറ്റർ വീതമുള്ള 1,860 ഗ്രിഡുകളിലായി കാമറകൾ സ്ഥാപിച്ചു. കാമറയിൽ പതിഞ്ഞ ചിത്രങ്ങളിലൂടെയാണ് എണ്ണം കണക്കാക്കുന്നത്. 675 ബ്ലോക്കുകളിലായി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും ബീറ്റ് അസിസ്റ്റന്റുമാരും ഉൾപ്പെടെ 2,100 സ്ഥിരം ജീവനക്കാരെയും 1,000ത്തിലേറെ ദിവസവേതനക്കാരെയും കണക്കെടുപ്പിന് നിയോഗിച്ചു.
ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു. വിവര ശേഖരണവും കാമറ ട്രാപ്പിങ് പ്രവർത്തനങ്ങളും കഴിഞ്ഞ മാർച്ചോടെ പൂർത്തിയാക്കി. പെരിയാർ, പറമ്പിക്കുളം ഫൗണ്ടേഷനുകളാണ് വിവരങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് സമർപ്പിക്കേണ്ടത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഫലം പുറത്തുവന്നിട്ടില്ല. 2022ലെ ദേശീയ കടുവ സെൻസസ് പ്രകാരം കേരളത്തിൽ 213 കടുവകളായിരുന്നു. പുതിയ കണക്ക് പുറത്തുവരുന്നതോടെ എണ്ണത്തിലുണ്ടായ മാറ്റവും വിവിധ വനമേഖലകളിലെ കടുവാ സാന്നിധ്യവും വ്യക്തമാകും.









0 comments