ഗാസയിൽ 153 ടൺ ബോംബുകൾ വർഷിച്ചതായി നെതന്യാഹു
കൊല തുടരുന്നു ; വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ തല്ലിച്ചതയ്‌ക്കുന്നു

വെസ്റ്റ് ബാങ്കിലെ ടർമസ് അയയിൽ ഒലിവ് വിളവെടുക്കുന്നതിനിടെ പലസ്തീൻ സ്ത്രീയെ ഇസ്രയേലി കുടിയേറ്റക്കാരൻ തല്ലിച്ചതയ്ക്കുന്ന വീഡിയോ ദൃശ്യത്തില്‍നിന്ന്
ഗാസ സിറ്റി
വെടിനിർത്തൽ കരാർ കർശനമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കയുടെ പ്രതിനിധികൾ ഇസ്രയേലിൽ തുടരവേ ഗാസയിലുടനീളം ആക്രമണം തുടരുന്നു. ചൊവ്വാഴ്‌ച 24 മണിക്കൂറിനുള്ളിൽ 13 മൃതദേഹം ആശുപത്രികളിൽ ലഭിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. വെടിനിർത്തൽ നിലവിൽവന്നശേഷം നൂറിലേറെ പലസ്തീൻകാരെയാണ് ഇസ്രയേലി സൈന്യം കൊലപ്പെടുത്തിയത്.
കഴിഞ്ഞ പത്തിന് സമാധാനകരാർ ഒപ്പിട്ടശേഷം ഏറ്റവും രൂക്ഷമായ ആക്രമണം നടത്തിയ 19ന് ഗാസയിൽ 153 ടൺ ബോംബുകൾ വർഷിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വെളിപ്പെടുത്തി. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ. തങ്ങളുടെ ഒരു കൈയിൽ ആയുധമുണ്ടെന്നും മറ്റേ കൈയാണ് സമാധാനത്തിനായി നീട്ടിയിരിക്കുന്നതെന്നും നെതന്യാഹു നെസെറ്റ് അംഗങ്ങളോട് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ, പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർക്കൊപ്പം വൈസ് പ്രസിഡന്റ് ജെഡി വാൻസും ഇസ്രയേലിൽ എത്തി. സമാധാനക്കരാർ നിലനിർത്താനുള്ള ചർച്ചകൾക്കായാണ് സന്ദർശനമെന്നാണ് അമേരിക്കയുടെ അവകാശവാദം. കാര്യങ്ങൾ വളരെ നന്നായി പോകുന്നുവെന്നും ഇനിയും ചെയ്യാൻ കൂടുതൽ ജോലികളുണ്ടെന്നും ജെ ഡി വാൻസ് പറഞ്ഞു. എന്നാൽ ഗാസയിലേക്ക് സഹായം തടസ്സമില്ലാതെ എത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടൽ നടത്താൻ കഴിഞ്ഞിട്ടില്ല. ഇസ്രയേലിന്റെ ആക്രമണം തടസ്സമില്ലാതെ തുടരുകയുമാണ്. ഗാസയിലേക്ക് രണ്ട് ക്രോസിങ്ങുകൾ മാത്രമേ തുറന്നിട്ടുള്ളൂ എന്നതിനാൽ പ്രതിദിന ലക്ഷ്യമായ 2,000 ടൺ വസ്തുക്കൾ എത്തിക്കാനാകുന്നില്ലെന്ന് ലോക ഭക്ഷ്യ പരിപാടി വക്താവ് പറഞ്ഞു. ഗാസയ്ക്കെതിരായ ഇസ്രയേലിന്റെ യുദ്ധം വംശഹത്യയല്ലാതെ മറ്റൊന്നുമല്ലെന്ന് വെടിനിർത്തൽ കരാറിന്റെ തുടർച്ചയായ ലംഘനത്തെ അപലപിച്ച് ഖത്തർ അമീർ പ്രതികരിച്ചു.
അതേസമയം, രണ്ട് ഇസ്രയേലി തടവുകാരുടെ മൃതദേഹങ്ങൾകൂടി വിട്ടയക്കുമെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു.
വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ തല്ലിച്ചതയ്‌ക്കുന്നു
അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേലി സൈന്യവും കുടിയേറ്റക്കാരും പലസ്തീൻകാർക്കുനേരെ ആക്രമണം തുടരുന്നു. ഈ സീസണിൽ ഒലിവ് വിളവെടുക്കുന്നവർക്കെതിരെ സൈനികരും കുടിയേറ്റക്കാരും 158 ആക്രമണങ്ങൾ നടത്തിയതായി കോളനൈസേഷൻ ആൻഡ് വാൾ റെസിസ്റ്റൻസ് കമീഷൻ തലവൻ മുഅയ്യദ് ഷാബാൻ പറഞ്ഞതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. മർദനം, കൂട്ട അറസ്റ്റ്, വെടിവയ്പ് എന്നിവ ഉൾപ്പെടെ നിരവധി നിയമലംഘനങ്ങൾ സൈന്യം നടത്തി. നബ്‌ലസ് (56), റമല്ല (51), ഹെബ്രോൺ (15) എന്നിവിടങ്ങളിലാണ് കൂടുതൽ ആക്രമണങ്ങൾ നടന്നത്. ഒലിവ് കൃഷിചെയ്യുന്ന സ്ഥലങ്ങളെ ലക്ഷ്യമിട്ട് 74 ആക്രമണങ്ങൾ നടന്നു. ഇതിൽ 29 ഇടത്ത് മരങ്ങൾ മുറിക്കുകയോ ബുൾഡോസർ ഉപയോഗിച്ച് പിഴുതെറിയുകയോ ചെയ്തു. മൊത്തം 765 ഒലിവ് മരങ്ങൾ നശിപ്പിച്ചു.
അധിനിവേശ വെസ്റ്റ്ബാങ്കിൽ കർഷകനായ പലസ്തീൻകാരന് ഇസ്രയേലി സൈന്യത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ജെനിന് തെക്കുള്ള കാഫ്ർ റായ് പട്ടണത്തിൽ ഒലിവ് ശേഖരിക്കുന്നതിനിടെയാണ് ഇസ്രയേൽ പട്ടാളക്കാരുടെ ആക്രമണം ഉണ്ടായത്. വെസ്റ്റ്ബാങ്കിലെ ടർമസ് അയ പട്ടണത്തിൽ ഒലിവ് വിളവെടുക്കുന്നതിനിടെ പലസ്തീൻ സ്ത്രീയെ ഇസ്രയേലി കുടിയേറ്റക്കാരൻ ആക്രമിച്ചതിനു പിന്നാലെയാണ് ഈ സംഭവം.










0 comments