വ്യാഴാഴ്ച 19 കുട്ടികളടക്കം 81 പേരെക്കൂടി കൊന്നു , നെതന്യാഹുവിനെതിരെ ജറുസലേമിൽ ആയിരങ്ങള്‍ തെരുവിൽ
വെടിനിര്‍ത്തല്‍ വൈകും ; കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ

ഗാസ സിറ്റി
അരലക്ഷത്തോളം പലസ്‌തീന്‍കാരെ കൊന്നൊടുക്കി 16–-ാം മാസത്തിലും തുടരുന്ന ഗാസ വംശഹത്യക്ക് അറുതിവരുത്താന്‍ ഞായറാഴ്‌ച മുതൽ വെടിനിർത്താമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും അന്തിമ തീരുമാനമെടുക്കാതെ ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ മുനമ്പിൽ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ വ്യാഴാഴ്‌ച 19 കുട്ടികളടക്കം 81 പേരെക്കൂടി കൊന്നുതള്ളി. രാഷ്ട്രീയ നേട്ടത്തിനായുള്ള പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നീക്കമാണിതെന്ന് ആരോപിച്ച് ജറുസലേമിൽ ആയിരങ്ങള്‍ തെരുവിലിറങ്ങി.
ബുധൻ രാത്രി വൈകി മധ്യസ്ഥ രാഷ്ട്രമായ ഖത്തറും പിന്നീട് അമേരിക്ക പ്രസിഡന്റ് ജോ ബൈഡനുമാണ് ഇസ്രയേലും ഹമാസും മൂന്ന് ഘട്ട വെടിനിർത്തലിന് സമ്മതിച്ചതായി പ്രഖ്യാപിച്ചത്. ഖത്തറിന്റെ നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു. അന്തിമധാരണയിൽ ഇസ്രയേൽ ഒപ്പിടുന്നതിന് ആദ്യം 11 അംഗ സുരക്ഷാ മന്ത്രിസഭയുടെയും തുടർന്ന് 34 അംഗ പൂർണ മന്ത്രിസഭയുടെയും അംഗീകാരം വേണം. എന്നാൽ, വോട്ടെടുപ്പിനായി മന്ത്രിസഭാ യോഗം അനിശ്ചിതമായി നീട്ടുകയാണ് നെതന്യാഹു.
അവസാനഘട്ടത്തിൽ ഹമാസ് കൂടുതൽ ആനുകൂല്യം ആവശ്യപ്പെട്ടെന്നാണ് നെതന്യാഹുവിന്റെ വാദം. ആറാഴ്‌ച പ്രാഥമിക വെടിനിർത്തൽ കാലയളവിൽ മോചിപ്പിക്കുന്ന 33 ബന്ദികൾക്കുപകരം ഇസ്രയേൽ വിട്ടയക്കുന്ന തടവുകാരിൽ ചിലര്‍ ഉൾപ്പെടണമെന്ന് ഹമാസ് നിബന്ധനവച്ചെന്നാണ് റിപ്പോര്‍ട്ട്.
പ്രത്യേകാവശ്യങ്ങൾ ഉപേക്ഷിച്ച് ഹമാസ് ധാരണ പൂർണമായും അംഗീകരിച്ചതായി മധ്യസ്ഥ രാഷ്ട്രങ്ങളായ ഖത്തറും അമേരിക്കയും ഈജിപ്തും അറിയിക്കാതെ മന്ത്രിസഭ ചേരില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രഖ്യാപിച്ചു. ആദ്യ ആറാഴ്‌ച ഏതാനും സ്ഥലങ്ങളിൽനിന്നും, തുടർന്ന് രണ്ട് ഘട്ടങ്ങളിലായി മുനമ്പിൽനിന്ന് പൂർണമായും ഇസ്രയേൽ സൈന്യം പിന്മാറുമെന്നുൾപ്പെടെയുള്ള നിബന്ധനകളിലാണ് മധ്യസ്ഥചര്‍ച്ചയില്‍ ധാരണയുള്ളത്. ഇത് പരാജയം സമ്മതിക്കലാണെന്ന് ഇസ്രയേലി മന്ത്രിസഭയില്‍ അഭിപ്രായമുയര്‍ന്നു. നെതന്യാഹു സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമെർ ബെൻ ഗ്വീർ ഉൾപ്പെടെ അതിതീവ്ര വലത് നിലപാടുകാർ രംഗത്തെത്തി.
ഐക്യരാഷ്ട്ര സംഘടനയും വിവിധ ലോകരാജ്യങ്ങളും വെടിനിർത്തൽ ധാരണയെ സ്വാഗതംചെയ്‌തു.









0 comments