തലേദിവസം വരെ ബിജെപിക്കാരി, പിറ്റേന്ന് കോൺഗ്രസുകാരി പിന്നെ വീണ്ടും ബിജെപിക്കാരി

തിരുവനന്തപുരം: പാർടി മാറിക്കളിച്ച് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ നേതാക്കളെയും അണികളെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ് പൂജപ്പുര വാർഡിലെ മുൻ കൗൺസിലറും ബിജെപി ജില്ലാ കമ്മിറ്റി അംഗവുമായ ഡോ. ബി വിജയലക്ഷ്മി. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പാർടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ബിജെപി കൗണ്‍സിലര്‍ തിരികെ ബിജെപിയിലേക്ക് തിരിച്ചെത്തിയത്.
ഡോ. വിജയലക്ഷ്മിയെ കെ മുരളീധരന്‍, എന്‍ ശക്തന്‍, മണക്കാട് സുരേഷ് എന്നിവര്‍ ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. വിജയലക്ഷ്മി കോണ്‍ഗ്രസില്‍ എത്തിയ വിവരം അറിയിച്ചുകൊണ്ട് നേതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റും പങ്കുവച്ചിരുന്നു.
ബുധനാഴ്ച്ചയാണ് വിജയലക്ഷ്മി ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ഡിസിസി ഓഫിസിൽ നടന്ന ചടങ്ങിൽ എൻ ശക്തനിൽ നിന്നാണ് വിജയലക്ഷ്മി അംഗത്വം സ്വീകരിച്ചത്. ബിജെപിയെ നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു വിജയലക്ഷ്മി കോൺഗ്രസിലേക്ക് ചേക്കേറിയത്.
എന്നാല്‍ തൊട്ടടുത്ത ദിവസം വൈകിട്ട് നടന്ന പരിപാടിയില്‍ വിജയലക്ഷ്മി തിരികെ ബിജെപിയിലേക്ക് തന്നെ പോയി. തിരുമലയില്‍ നടന്ന പാര്‍ട്ടി പൊതുയോഗത്തിലാണ് വിജയലക്ഷ്മി തിരികെ ബിജെപിയില്‍ പ്രവേശിച്ചത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിജയലക്ഷ്മിയെ ഷാളണിയിച്ച് സ്വീകരിച്ചു.









0 comments