ad
Deshabhimani

ഗ്വാട്ടിമാലയിൽ തടവുകാർ ജയിൽ കൈയടക്കി: സംഘർഷത്തിൽ 7 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Guatemala prison violence

photo credit: X

വെബ് ഡെസ്ക്

Published on Jan 19, 2026, 01:49 PM | 1 min read

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയുടെ തലസ്ഥാനത്ത് ഞായറാഴ്ച സുരക്ഷാ സേനയും ഗുണ്ടാസംഘാംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് തടവുകാർ കയ്യടക്കിയ മൂന്ന് ജയിലുകളിൽ ഒന്നിന്റെ നിയന്ത്രണം പൊലീസ് തിരിച്ചുപിടിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. തടവുകാർ ജയിലിൽ കലാപമുണ്ടാക്കി പൊലീസിനെ ബന്ദിയാക്കുകയായിരുന്നു.


ഗ്വാട്ടിമാല സിറ്റിയിലും പരിസരത്തുമാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. തലസ്ഥാനത്ത് നിന്ന് ഏകദേശം 76 കിലോമീറ്റർ തെക്കുപടിഞ്ഞാറായി എസ്ക്യുയിന്റ്ലയിലുള്ള റെനോവേഷ്യൻ ജയിലിൽ ബന്ദികളാക്കിയ ഒമ്പത് ഗാർഡുകളെ മോചിപ്പിക്കാൻ നൂറുകണക്കിന് കലാപ വിരുദ്ധ പൊലീസുകാർ ഇരച്ചുകയറിയതിന് ശേഷമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ജയിലിലടയ്ക്കപ്പെട്ട ഗുണ്ടാ നേതാക്കൾ പലപ്പോഴും പുറത്തുള്ള അംഗങ്ങളോട് പ്രതികാര ആക്രമണം നടത്താൻ ആജ്ഞാപിക്കാറുണ്ട്. ഇവിടെയും അതാണ് സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. ​ഗാർഡുകളെ സുരക്ഷിതമായി മോചിപ്പിച്ചെന്നും ആർക്കും പരിക്കുകളേറ്റിട്ടില്ലെന്നും അധിക‍തർ പറഞ്ഞു.


എന്നാൽ ഞായറാഴ്ച മറ്റ് രണ്ട് ജയിലുകളിലായി മൂന്ന് ഡസനിലധികം ഗാർഡുകളെ തടവിലാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. തടവിലാക്കപ്പെട്ട ചില ഗുണ്ടാ നേതാക്കളുടെ പ്രത്യേകാവകാശങ്ങൾ റദ്ദാക്കാനുള്ള ജയിൽ അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് തടവുകാർ ശനിയാഴ്ച രാത്രി കലാപമുണ്ടാക്കി ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. മൂന്ന് ജയിലുകളിലുമായി 46 ഗാർഡുകളെ തടവുകാർ ബന്ദികളാക്കി.


സുരക്ഷാ സേന ജയിലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടെ, ജയിലിനു പുറത്ത് വ്യാപക ആക്രമണങ്ങൾ നടന്നു. ഗ്വാട്ടിമാല സിറ്റിയിലുടനീളം നടന്ന ആക്രമണങ്ങളിൽ സായുധ സംഘങ്ങൾ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി മാർക്കോ അന്റോണിയോ വില്ലെഡ പറഞ്ഞു. ഏറ്റുമുട്ടലിൽ 10 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒരു ഗുണ്ടാസംഘാംഗവും കൊല്ലപ്പെട്ടു.


പൊലീസ് ഇതുവരെ ഏഴ് ഗുണ്ടാസംഘാംഗങ്ങളെ അറസ്റ്റ് ചെയ്തെന്നും രണ്ട് റൈഫിളുകളും രണ്ട് വാഹനങ്ങളും പിടിച്ചെടുത്തതായും മന്ത്രി കൂട്ടിച്ചേർത്തു. സംഘർഷം രൂക്ഷമായതോടെ സുരക്ഷ മാനിച്ച് രാജ്യത്തുടനീളമുള്ള സ്കൂളുകൾക്ക് തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രാലയം അവധി നൽകി. നിരവധി ജയിലുകളിൽ സുരക്ഷ ശക്തിപ്പെടുത്തുകയും സൈന്യവുമായി സംയുക്ത പട്രോളിംഗ് വർദ്ധിപ്പിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home