Deshabhimani

ജി20 വിദേശകാര്യ മന്ത്രിമാരുടെ യോ​ഗം; ആഗോള പ്രതിസന്ധികൾ ചർച്ചയാകും

G20 Atlanta
വെബ് ഡെസ്ക്

Published on Oct 30, 2026, 12:14 PM | 2 min read

വാഷിം​ഗടൺ : ജി20 വിദേശകാര്യ മന്ത്രിമാരുടെയും മുതിർന്ന പ്രതിനിധികളുടെയും യോ​ഗം അറ്റ്ലാന്റയിൽ ആരംഭിച്ചു. അന്താരാഷ്ട്ര സുരക്ഷയെയും വ്യാപാരത്തെയും ബാധിക്കുന്ന തരത്തിൽ ആഗോള പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ യോ​ഗം. വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അധ്യക്ഷത വഹിക്കും. ഡിസംബറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേതൃത്വം നൽകുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്ക് ഈ ചർച്ചകൾ വേദിയൊരുക്കും. അറ്റ്ലാന്റയിൽ നടക്കുന്ന യോഗം ആ​ഗോളതലത്തിലെ സാമ്പത്തിക, സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


റഷ്യ-ഉക്രെയ്ൻ യുദ്ധം, ഇറാനെതിരായ യുഎസ്-ഇസ്രയേൽ കടന്നാക്രമണം, യുഎസ് തീരുവകൾ, തുടങ്ങി ആ​ഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന വിഷയങ്ങൾ യോ​ഗത്തിൽ ചർച്ച ചെയ്യും. ഹോർമുസ് കടലിടുക്ക്, ചെങ്കടൽ, കരിങ്കടൽ, ദക്ഷിണ ചൈനാ കടൽ എന്നിവിടങ്ങളിലെ ​ഗതാ​ഗത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിലാണ് അമേരിക്ക ഊന്നൽ നൽകുന്നത്. അതേസമയം, മറ്റു രാജ്യങ്ങളുടെ പ്രതിനിധികൾ ഇന്ധവിതരണ തടസങ്ങളും മറ്റ് ആ​ഗോള വ്യാപാര പ്രതിസന്ധികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


ചൊവ്വാഴ്ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം ഇറാനെതിരെ വീണ്ടും സൈനിക ആക്രമണങ്ങൾ നടത്താനുള്ള അമേരിക്കയുടെ തീരുമാനവും ചർച്ച ചെയ്യപ്പെടും. യുഎസ് അത്തരമൊരു നീക്കം നടത്തിയാൽ ഇറാന്റെ പ്രതികാര നടപടികളുടെ സാധ്യത കണക്കിലെടുത്ത് തയ്യാറാകണമെന്ന് സഖ്യകക്ഷികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎസിന്റെ നിലപാടിൽ സൗദിയുടെ പ്രതികരണവും പ്രതീക്ഷിക്കാം.


റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പങ്കെടുക്കും. ചൈനയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഈയിടെ ട്രംപ് റഷ്യക്കെതിരെ ചുമത്തിയ ഉപരോധങ്ങൾ ഒഴിവാക്കുകയും ഉക്രെയ്നുള്ള പ്രവർത്തന, രഹസ്യാന്വേഷണ സഹായം താല്കാലികമായി നിയന്ത്രിക്കുകയും ചെയ്തിരുന്നു. റഷ്യൻ പ്രതിനിധി സംഘത്തിന് വിസ ഉറപ്പാക്കുന്നതിൽ നേരത്തെ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇത് പരിഹരിക്കപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.


ജി20 അംഗമല്ലാത്ത ഉക്രെയ്‌നിനെ ഈ വർഷം ക്ഷണമില്ല, എന്നാൽ മുൻ യോഗങ്ങളിലേക്ക് ക്ഷണിച്ചിരുന്നു. ഈ വിഷയത്തിൽ ജി20 ഔദ്യോഗിക അംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നായിരുന്നു യുഎസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. ട്രംപ് ഭരണകൂടവുമായുള്ള നിരവധി തർക്കങ്ങൾ കാരണം ദക്ഷിണാഫ്രിക്കയും ക്ഷണിതാക്കളുടെ പട്ടികയിൽ ഇല്ല. ദക്ഷിണാഫ്രിക്ക കഴിഞ്ഞ വർഷം ജി 20യുടെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. എന്നാൽ, ട്രംപും റൂബിയോയും ഉൾപ്പെടെയുള്ള മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ ഈ യോഗങ്ങളിൽ വിട്ടുനിന്നിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home