"തകര്‍ത്തത് അതിഥിയായി എത്തിയ കപ്പൽ" ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയിൽ മൗനം പാലിച്ച് ഇന്ത്യ

ഇറാനിയൻ നാവികസേനയുടെ സതേൺ ഫ്ലീറ്റിൽ ഉൾപ്പെട്ടിരുന്ന 75-ാം നമ്പർ പെനന്റ് ഐറിസ് ദേന, ബന്ദർ അബ്ബാസിലെ ഇറാനിയൻ നാവികസേനയുടെ ഫാക്ടറികളിലാണ് നിർമ്മിച്ചത്.
ഇന്ത്യൻ നാവികസേനയുടെ അതിഥിയായി എത്തിയ കപ്പലാണ് അമേരിക്കൻ ആണവ മുങ്ങികപ്പൽ ടോര്‍പ്പിഡോ ചെയ്തത്. ആക്രമണത്തെ കടലിലെ ക്രൂരത എന്ന് വിശേഷിപ്പിച്ച ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി ഇന്ത്യയുടെ അതിഥിയായി എത്തിയ കപ്പലായിരുന്നു ഇതെന്നും ഓര്‍മ്മപ്പെടുത്തി.
ഏകദേശം 180ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. ഇതിൽ 87പേർ കൊല്ലപ്പെട്ടു. ശ്രീലങ്കൻ നേവി 32പേരെ രക്ഷപ്പെടുത്തി. 60-ഓളം പേരെ കാണാതായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യാതൊരുവിധ പ്രകോപനമോ മുന്നറിയിപ്പോ ഇല്ലാതെയാണ് അമേരിക്കയുദ്ധ മര്യാദകൾ മറികടന്ന നീക്കത്തിലൂടെ കപ്പലിനെ ആക്രമിച്ചതെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു.
വിശാഖപട്ടണത്ത്
യു എസ് കപ്പലുകൾ കൂടി പങ്കെടുത്ത ചടങ്ങ്
ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026നാവികാഭ്യാസത്തിലും ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിലും (IFR)പങ്കെടുത്ത് മടങ്ങുകയായിരുന്നു ഐആര്‍ഐഎസ് ദേന. ഈ കപ്പൽ ഇന്ത്യൻ നേവിയുടെ അതിഥിയായിരുന്നുവെന്നും അരാഗ്‌ചി ഓർമ്മിപ്പിച്ചു. യുഎസ് നേവിയുടെ ആണവ ഊര്‍ജത്താൽ പ്രവര്‍ത്തിക്കുന്ന അന്തർവാഹിനിയിൽ നിന്നുള്ള Mark 48ടോർപ്പിഡോ ഉപയോഗിച്ചാണ് കപ്പൽ തകര്‍ത്തത്.
ആക്രമണത്തിൽ പ്രതിഷേധിച്ച് ഇറാൻ യുഎൻ സുരക്ഷാ കൗൺസിലിൽ അടിയന്തര പ്രമേയം കൊണ്ടുവന്നു. ഇതിന് പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തങ്ങൾ നടത്തിയ ആക്രമണം ന്യായീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു ശത്രു കപ്പലിനെ അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് മുക്കുന്നത് ഇതാദ്യമാണെന്ന് അദ്ദേഹം അഭിമാനം കൊണ്ടു. മാത്രമല്ല,ഇതിനെ "ശാന്തമായ മരണം"എന്നാണ് ഓമനപ്പേരിൽ വിശേഷിപ്പിച്ചത്. മേഖലയിലെ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇറാന്റെ പ്രകോപനങ്ങൾ തടയുന്നതിനുമുള്ള "പ്രതിരോധ നടപടി"എന്നും അവകാശപ്പെട്ടു.
ഫെബ്രുവരി 19മുതൽ 25വരെ വിശാഖപട്ടണത്ത് വെച്ച് നടന്ന മിലാൻ നാവികാഭ്യാസത്തിൽ അമേരിക്കയും ഇറാനും ഉൾപ്പെടെ 18രാജ്യങ്ങളിലെ യുദ്ധക്കപ്പലുകൾ പങ്കെടുത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആണ് ഇത് ഉദ്ഘാടനം ചെയ്തത്. ഈ അഭ്യാസത്തിൽ പങ്കെടുത്ത ഇറാനിയൻ കപ്പൽ ഐആർഐഎസ് ഡീനയാണ് മടക്കയാത്രയ്ക്കിടെ ശ്രീലങ്ക്കയിലെ ഗാലെ തുറമുഖത്തിന് തെക്ക് 40നോട്ടിക്കൽ മൈൽ അകലെ വെച്ച് ആക്രമിക്കപ്പെട്ടത്.
ഇന്ത്യ സമുദ്രത്തിലും കടന്നു കയറിയ യുദ്ധം
ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടാണ് ഈ മേഖല.
പേർഷ്യൻ ഗൾഫിന് പുറത്ത് അമേരിക്ക-ഇറാൻ സംഘർഷം വ്യാപിക്കുന്നതിന്റെ സൂചനയാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര സുരക്ഷയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക കടന്നു കയറ്റം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടി ആരംഭിച്ചു. ഇപ്പോൾ യുദ്ധ മേഖലയ്ക്ക് പുറത്തുള്ള സമുദ്രത്തിലേക്കും ആക്രമണം വ്യാപിച്ച സാഹചര്യമാണ്. ഇറാൻ തീരത്തുനിന്നും 2,000മൈൽ അകലെ സമാധാനപരമായ ദൗത്യത്തിലായിരുന്ന കപ്പലിനെയാണ് ലക്ഷ്യം വെച്ചത്.
ഇന്ത്യയുടെ തന്ത്രപ്രധാനമായ സമുദ്രമേഖലയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ (UNCLOS)ലംഘനമാണ് അമേരിക്ക നടത്തിയതെന്നും ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും പറഞ്ഞ് വെക്കുകയാണ് ഇറാൻ ചെയ്തത്.
കപ്പലുകൾ ലക്ഷ്യമാക്കി തുടങ്ങി
അമേരിക്കയുടെ ഈ നീക്കം ഇറാനെ കൂടുതൽ പ്രകോപിപ്പിക്കുകയും ഹൂതികൾ,ഹിസ്ബുള്ള തുടങ്ങി പ്രോക്സി ഗ്രൂപ്പുകൾ വഴി വലിയ തിരിച്ചടികൾക്ക് വഴി വെക്കുകയും ചെയ്താൽ സമുദ്രമേഖല കൂടുതൽ കലുഷിതമാവും. ഹോര്‍മൂസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ കപ്പലുകൾ അപകടത്തിലാവും. യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നാണ് ഇസ്രയേൽ ഇതിനിടെ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെ ഇറാൻ വ്യോമസേന യുഎസ് കപ്പലിനെതിരെ ആക്രമണം നടത്തുകയും ഉണ്ടായി.
സമാധാന ചർച്ചകൾക്കായി ഒമാനും ഖത്തറും മുൻകൈ എടുക്കുന്നുണ്ടെങ്കിലും സാഹചര്യം ഇപ്പോഴും സ്ഫോടനാത്മകമാണ്. മൂന്ന് പതിറ്റാണ്ടിൽ അധികമായി ഇന്ത്യയും ഇറാനും ഉറ്റ സൗഹൃദ രാജ്യങ്ങളാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിൽ ഏറിയതോടെ അമേരിക്കയോടും ഇസ്രയേലിനോടുമുള്ള വിധേയത്വം അതിന്റെ ഉഛസ്ഥായിയിലാണ്.










0 comments