ad
Deshabhimani

ജി-20യിൽ ദക്ഷിണാഫ്രിക്കയെ വിലക്കാൻ ട്രംപ്; എതിര്‍പ്പ് പരസ്യമാക്കി ഫ്രാൻസ്

g20
വെബ് ഡെസ്ക്

Published on Apr 22, 2026, 12:55 PM | 2 min read

ഫ്ലോറിഡ: ദക്ഷിണാഫ്രിക്കയെ ജി-20ഉച്ചകോടിയിൽ നിന്ന് വിലക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ഫ്രാൻസ് രംഗത്ത്. ഈ വർഷം ഡിസംബറിൽ ഫ്ലോറിഡയിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്ക പങ്കെടുക്കുമെന്ന് ജോഹന്നാസ്ബർഗിലെ ഫ്രഞ്ച് അംബാസഡർ ഡേവിഡ് മാർട്ടിനൺ വ്യക്തമാക്കി.


ജി20-ലെ പൂർണ്ണ അംഗമായ ദക്ഷിണാഫ്രിക്കയെ ഉച്ചകോടിയിൽ നിന്ന് മാറ്റിനിർത്തുമെന്ന് കഴിഞ്ഞ വർഷമാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങളാണ് ഇതിന് കാരണം. ഉച്ചകോടിക്ക് മുന്നോടിയായി നടക്കാറുള്ള മറ്റ് ഔദ്യോഗിക യോഗങ്ങളിൽ നിന്നും ദക്ഷിണാഫ്രിക്കയെ നിലവിൽ ഒഴിവാക്കിയിരിക്കുകയാണ്. ഈ നീക്കങ്ങൾക്ക് എതിരെയാണ് ഫ്രാൻസ് പരസ്യമായി രംഗത്ത് എത്തുന്നത്.


ദക്ഷിണാഫ്രിക്കയിലെ കറുത്തവർഗക്കാർ നയിക്കുന്ന സർക്കാർ 'വെളുത്തവർഗക്കാർക്കും അമേരിക്കയ്ക്കും വിരുദ്ധമാണ്'എന്നാണ് ട്രംപ് പരസ്യമായി പറഞ്ഞിരുന്നത്. ദക്ഷിണാഫ്രിക്കയിലെ വെളുത്തവർഗക്കാരായ കർഷകർക്കെതിരെ വ്യാപകമായ അക്രമം നടക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ പ്രതികരിച്ചു.


ജി20-യുടെ സ്ഥാപക അംഗം എന്ന നിലയിൽ,ദക്ഷിണാഫ്രിക്ക സംഘടനയുടെ അവിഭാജ്യ ഘടകമാണെന്ന് ഫ്രാൻസ് കരുതുന്നു. "ദക്ഷിണാഫ്രിക്ക ജി20-ലെ പൂർണ്ണ അംഗമാണ്,അതിനാൽ തന്നെ എല്ലാ യോഗങ്ങളിലും അവർ പങ്കെടുക്കേണ്ടതുണ്ട്." എന്നാണ് ഫ്രഞ്ച് അംബാസഡർ -ഡേവിഡ് മാർട്ടിനൺ പറഞ്ഞത്.


മറ്റ് ജി20അംഗങ്ങളും ട്രംപിന്റെ നീക്കത്തെ വിമർശിച്ചിട്ടുണ്ട്. ഒരു രാജ്യത്തെ പുറത്താക്കാൻ മറ്റൊരു രാജ്യത്തിന് സമിതിയിൽ അധികാരമില്ല. സമവായത്തിലൂടെയാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.


ജൂണിൽ ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റമഫോസയ്ക്ക് നൽകിയ ക്ഷണം ഫ്രാൻസ് പിൻവലിച്ചതായും വാർത്തകളുണ്ടായിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണ് ഇതെന്ന് ദക്ഷിണാഫ്രിക്കൻ വക്താവ് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് റമഫോസ തന്നെ ഇത് തിരുത്തി. കുറഞ്ഞ എണ്ണം അതിഥികളെ മാത്രം പങ്കെടുപ്പിക്കുന്ന 'സ്ട്രീംലൈൻഡ്'ഉച്ചകോടിയാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്നും അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കയെ ഒഴിവാക്കിയതെന്നും ഫ്രാൻസ് ഇക്കര്യത്തിൽ വ്യക്തത വരുത്തി.


ഈ വർഷത്തെ ജി20ഉച്ചകോടി മിയാമിയിലെ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഡോറൽ ഗോൾഫ് ക്ലബ്ബിലാണ് നടക്കുന്നത്. ജി20-ലെ ഏക ആഫ്രിക്കൻ രാജ്യമാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ജി20ഉച്ചകോടി അമേരിക്ക ബഹിഷ്കരിച്ചിരുന്നു. ഉച്ചകോടിയുടെ അവസാനം അധികാരം കൈമാറുന്ന ചടങ്ങിൽ ജൂനിയർ ഉദ്യോഗസ്ഥരെ അയച്ച അമേരിക്കയുടെ നടപടി ദക്ഷിണാഫ്രിക്ക നിരസിച്ചത് വലിയ വിവാദമവുമായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home