ഭക്ഷണത്തിൽ വിഷം കലർത്തും പിന്നാലെ രക്ഷാപ്രകവര്‍ത്തനം: മൗണ്ട് എവറസ്റ്റിലെത്തുന്ന വിനോദസഞ്ചാരികളില്‍ നിന്ന് തട്ടിയത് 167 കോടി

പ്രതീകാത്മക ചിത്രം
കാഠ്മണ്ഡു : മൗണ്ട് എവറസ്റ്റിൽ വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ ബോധപൂർവ്വം വിഷം കലർത്തി, ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. 20 മില്ല്യൺ ഡോളറിന്റെ (ഏകദേശം 167 കോടി) ഇൻഷുറൻസ് തട്ടിപ്പ് നടന്നതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ട്രക്കിങ്ങ് കമ്പനി ഉടമകൾ, ഹെലികോപ്റ്റർ ഓപ്പറേറ്ററുമാർ തുടങ്ങി 32 പേർക്കെതിരെ നേപ്പാൾ പൊലീസ് കേസെടുത്തിട്ടുണ്ട്.
ട്രക്കിങ്ങ് ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഗൈഡുകൾ വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ ബേക്കിങ്ങ് സോഡ കലർത്തി അവരെ അസുഖബാധിതരാക്കുന്നുവെന്നാണ് ആരോപണം. ഇതുവഴി വിനോദസഞ്ചാരികൾക്ക് ദഹനപ്രശ്നങ്ങളും കഠിനമായ വയറുവേദനയും അനുഭവപ്പെടുന്നു. തുടർന്ന് ചിലവേറിയ അടിയന്തര ഹെലികോപ്റ്റർ സഹായം സഞ്ചാരികൾക്ക് സ്വീകരിക്കേണ്ടി വരുന്നു. ഉയർന്ന ഇടങ്ങളിൽ ഉണ്ടാകുന്ന ആൾട്ടിറ്റ്യൂട് സിക്ക്നെസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ സഞ്ചാരികളിൽ നിന്ന് അനധികൃതമായി സമ്പാദിച്ച പണം ട്രക്കിങ്ങ് കമ്പനി ഉടമകളും ഹെലികോപ്റ്റർ ഓപ്പറേറ്ററുമാരും ഗൈഡുകളും ചേർന്ന് പങ്കിട്ടെടുക്കുന്നു. വിനോദസഞ്ചാരികളെ നിർബന്ധിച്ച് ഹെലികോപ്റ്റർ ആംബുലൻസുകളിൽ കയറ്റുകയും വ്യാജ മെഡിക്കൽ രേഖകളും ഫ്ലൈറ്റ് രേഖകളും ചമച്ച് അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളിൽ നിന്നും പണം തട്ടിയെടുക്കുന്നതുമാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ജനുവരി ഒന്ന് മുതൽ നടന്ന അന്വേഷണത്തിൽ മൂന്ന് പ്രമുഖ മൗണ്ടൻ റെസ്ക്യൂ കമ്പനികളിൽ നിന്നായി ആറ് ഉ്ദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തത്.










0 comments