ഫ്ലോറിഡ വിമാനാപകടം: കോക്പിറ്റ് വോയ്സ് റെക്കോഡർ കണ്ടെത്തി

ഫ്ലോറിഡ: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ജെറ്റ് വിമാനാപകടത്തിൽ കോക്പിറ്റ് വോയ്സ് റെക്കോഡർ കണ്ടെത്തി. നവംബർ ഒന്നിന് ഫ്ലോറിഡയിൽ മോശം കാലാവസ്ഥയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണ ബഹാമാസിലേക്ക് പോവുകയായിരുന്ന ലിയർജെറ്റിന്റെ റെക്കോർഡറാണ് അന്വേഷണസംഘം വീണ്ടെടുത്തത്.
നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസബി) തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. റെക്കോഡറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ, അപകടസമയത്ത് പ്രവർത്തനക്ഷമമായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വാഷിങ്ടണിലെ ലബോറട്ടറിയിൽ ഉപകരണം പരിശോധിച്ചുവരികയാണ്.
റെക്കോഡറിലെ വിവരങ്ങൾ വീണ്ടെടുക്കാനായാൽ അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ തമ്മിൽ നടത്തിയ സംഭാഷണങ്ങളും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ സാഹചര്യങ്ങളും വ്യക്തമാകും. മോശം കാലാവസ്ഥയിൽ വിമാനം ശക്തമായി ആടിയുലഞ്ഞതും ചിറകുകളിൽ മഞ്ഞ് രൂപപ്പെട്ടതും അന്വേഷണത്തിലെ പ്രധാന വിഷയങ്ങളാണ്.
വിമാനത്തിന്റെ വാലിലെ എലിവേറ്റർ ഭാഗത്തിന്റെ അവശിഷ്ടങ്ങൾ അപകടസ്ഥലത്തുനിന്ന് ഒരു മൈലിലധികം അകലെ കണ്ടെത്തിയിരുന്നു. നിലത്തിടിക്കുന്നതിന് മുമ്പുതന്നെ വിമാനം തകരാൻ തുടങ്ങിയിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. വിമാനം 700 അടിയിലധികം ഉയരത്തിൽ ആടിയുലയുന്നതായി സഹപൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും സുരക്ഷിതമായ പാത ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകൾ, മുൻകാല സാങ്കേതിക തകരാറുകൾ, സർവീസ് നടത്തിയിരുന്ന അപ്പർ ജെറ്റ്സ് കമ്പനിയുടെ വിവരങ്ങൾ എന്നിവയും അന്വേഷണസംഘം പരിശോധിക്കും. അന്വേഷണം പൂർത്തിയാക്കാൻ 12 മുതൽ 18 മാസം വരെ വേണ്ടിവരുമെന്നാണ് എൻടിഎസബി അറിയിച്ചിരിക്കുന്നത്.









0 comments