ad
Deshabhimani

ഫിദലിനൊപ്പം 100 വർഷം

print edition നിത്യപ്രചോദനം; 
ലോകം ക്യൂബയിൽ

fidel cuba

ഫിദൽ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷിക പരിപാടികളിൽ പങ്കെടുക്കുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, 
പൊളിറ്റ്‌ ബ്യൂറോ അംഗം വിജൂ കൃഷ്ണൻ, 
അഖിലേന്ത്യ കർഷക തൊഴിലാളി 
യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌, കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി 
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ എന്നിവര്‍ ക്യൂബൻ പ്രസിഡന്റ്‌ 
മിഗ്വൽ ദിയാസ് കാനലിനൊപ്പം

വെബ് ഡെസ്ക്

Published on Aug 12, 2026, 02:10 AM | 1 min read

ഹവാന : സാമ്രാജ്യത്വ കടന്നാക്രമണങ്ങളെ നേരിടാനും സോഷ്യലിസം സംരക്ഷിക്കാനും ക്യൂബൻ ജനത നടത്തുന്ന ഉജ്വല പോരാട്ടത്തിന്‌ നിത്യപ്രചോദനമായി വിപ്ലവസ്‌മരണകൾ അലയടിച്ചു. ക്യൂബ ഒറ്റയ്ക്കല്ലെന്നും ലോകജനത ഒപ്പമുണ്ടെന്നും പ്രഖ്യാപിച്ച്‌ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ മുദ്രാവാക്യം മുഴക്കി. ഐതിഹാസിക പോരാട്ടത്തിലൂടെ വിമോചിപ്പിച്ച രാജ്യത്തെ വിപ്ലവാനന്തരം പതിറ്റാണ്ടുകൾ പതറാതെ നയിച്ച നായകന്‌ തലമുറകളുടെ അഭിവാദ്യം. സാമ്രാജ്യത്വത്തിനുമുന്നിൽ വിട്ടുവീഴ്ചയില്ലാത്ത സോഷ്യലിസ്റ്റ് പ്രതിരോധം തീർത്ത ഫിദൽ കാസ്‌ട്രോയുടെ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായ അന്താരാഷ്‌ട്ര പരിപാടികൾക്ക്‌ ആവേശത്തുടക്കമായി.


​ഹവാന കൺവെൻഷൻ സെന്ററിൽ ആരംഭിച്ച അന്താരാഷ്ട്ര കൊളോക്യത്തിൽ 63 രാജ്യങ്ങളിൽനിന്നുള്ള 900 വിദേശപ്രതിനിധികൾ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട 1500ലേറെ പേരാണ്‌ പങ്കെടുക്കുന്നത്‌. നാലുദിവസത്തെ സമ്മേളനത്തിൽ ക്യൂബൻ വിപ്ലവത്തിന്റെ ആഗോള സുഹൃത്തുക്കളും ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും സാമൂഹിക നേതാക്കളും അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നു. ക്യൂബൻ പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ഫസ്റ്റ് സെക്രട്ടറിയുമായ മിഗ്വേൽ ദിയാസ് കാനൽ സമ്മേളനം ഉദ്ഘാടനംചെയ്‌തു. തുടർന്ന്‌ വിവിധ വിഷയങ്ങളെ ആസ്പദമാക്കി 11 സെഷനുകളിലായാണ്‌ ചർച്ചകൾ പുരോഗമിക്കുന്നത്‌.


ഫിദൽ കാസ്ട്രോയുടെ പൈതൃകവും ലോകരാഷ്ട്രീയത്തിൽ അദ്ദേഹം ചെലുത്തിയ ചരിത്രപരമായ സ്വാധീനവുമാണ് പ്രധാന ചർച്ച. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളെയും ഗൂഢാലോചനകളെയും ധീരമായി ചെറുത്തുതോൽപ്പിച്ച ക്യൂബയുടെ നേട്ടങ്ങളെ പ്രതിനിധികൾ പ്രകീർത്തിച്ചു. സ്പാനിഷ് ഭാഷയിലുയർന്ന സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങൾ സമ്മേളന നഗരിയെ ആവേശക്കടലാക്കി. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഫിദലിന്റെ ചിത്രമുള്ള വസ്ത്രം ധരിച്ചാണ് സമ്മേളനത്തിനെത്തിയത്. ഇന്ത്യയിൽനിന്ന്‌ പൊളിറ്റ്‌ബ്യൂറോ അംഗം വിജൂ കൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സിപിഐ എം പ്രതിനിധി സംഘം സമ്മേളനത്തിൽ പങ്കെടുക്കുന്നു.


ക്യൂബൻ വിപ്ലവം, സോഷ്യലിസം, അന്താരാഷ്ട്ര ഐക്യദാർഢ്യം, സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരായ പോരാട്ടം എന്നിവ ലോകമെമ്പാടുമുള്ള പുരോഗമന പ്രസ്ഥാനങ്ങൾക്ക് എത്രത്തോളം പ്രസക്തമാണെന്ന് തെളിയിക്കുകയാണ് ഹവാന സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home