പൃഥ്വിരാജ്-വൈശാഖ് ചിത്രം ‘ഖലീഫ’യിലെ എല്ലാ ഗാനങ്ങളും പുറത്ത്; റിലീസ് ആഗസ്ത് 20ന്

ഖലീഫ സിനിമയുടെ പോസ്റ്റർ| Photo: Social Media
തിരുവനന്തപുരം : ഓണം റിലീസായി ആഗസ്ത് 20ന് തീയേറ്ററുകളിൽ എത്തുന്ന പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ'യിലെ എല്ലാ ഗാനങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടു. സ്പോട്ടിഫൈ, യൂട്യൂബ്, പ്രൈം മ്യൂസിക്, ആപ്പിൾ മ്യൂസിക് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഗാനങ്ങൾ ലഭ്യമാണ്. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. സിദ് ശ്രീറാം പാടിയ അസലായവളേ എന്ന ഗാനം യൂട്യൂബിൽ ട്രെന്റിങാണ്.
പോക്കിരി രാജയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നതും പ്രധാന ആകർഷണമാണ്.
തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് നായിക. രഞ്ജി പണിക്കർ, ശിവജിത്ത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജിനു എബ്രഹാമാണ് തിരക്കഥ ഒരുക്കുന്നത്. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങും നിർവഹിക്കുന്നു.










0 comments