print edition ഫിഡൽ കാസ്ട്രോ ജന്മശതാബ്ദി; ഹവാനയിൽ ആവേശത്തിന്റെ കടലിരമ്പം

ഹവാന: അമേരിക്കയുടെ കടുത്ത ഉപരോധവും ഭീഷണിയും സൃഷ്‌ടിച്ച പ്രതിസന്ധിയിലും വിപ്ലവനായകൻ ഫിദൽ കാസ്ട്രോയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ക്യൂബയിൽ ആവേശകരമായ തുടക്കം. ലോകമെമ്പാടുമുള്ള ഇടതുപക്ഷ-–പുരോഗമന പ്രസ്ഥാനങ്ങളെയും ജനകീയ കൂട്ടായ്മകളെയും സാക്ഷിയാക്കി വിപുലവും സാർഥകവുമായ രാഷ്ട്രീയ, സാംസ്കാരിക, ശാസ്ത്രീയ പരിപാടികളാണ് ഹവാനയിൽ സംഘടിപ്പിച്ചിരിക്കുന്നത്.
ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ അന്താരാഷ്ട്ര കൊളോക്യം ഹവാനയിലെ കൺവൻഷൻ പാലസിൽ ആരംഭിച്ചു. ‘ഫിദൽ: പൈതൃകവും ഭാവിയും' എന്ന വിഷയത്തിലൂന്നി നാലുദിവസത്തെ പരിപാടിയിൽ ഫിദലിന്റെ സാമ്രാജ്യത്വവിരുദ്ധ നിലപാടുകളും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും ചർച്ച ചെയ്യും. അന്താരാഷ്ട്ര പണ്ഡിതരും വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. യുവജന, പാർലമെന്ററി, വനിതാ ഫോറങ്ങൾ, പ്രദർശനങ്ങൾ, പുസ്തക പ്രകാശനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ പരിപാടികളാണ് കൊളോക്യത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
‘ഫിദൽ കാസ്ട്രോ റൂസ് സെന്റർ' ഏറ്റെടുത്ത വൻകിട എഡിറ്റോറിയൽ പദ്ധതിയായ ‘കമാൻഡർ ഇൻ ചീഫിന്റെ തെരഞ്ഞെടുത്ത കൃതികൾ' വേദിയിൽ പ്രകാശിപ്പിക്കും . കൊളോക്യത്തിലെ ചർച്ചകളും പ്രബന്ധങ്ങളും പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും. ഫിദലിന്റെ വിപ്ലവജീവിതം അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശനം, ഫോട്ടോ എക്സിബിഷൻ, ചരിത്ര സ്മാരകങ്ങളിലേക്കുള്ള പര്യടനങ്ങൾ എന്നിവ ക്യൂബൻ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
അമേരിക്കൻ ഉപരോധത്തെ പ്രതിരോധിച്ച് ഇന്ത്യയിൽനിന്നടക്കം ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള ഇടതുപക്ഷ പ്രതിനിധികളും യുവജന ബ്രിഗേഡുകളും ക്യൂബയിൽ എത്തിച്ചേർന്നിട്ടുണ്ട്. യുഎസ് ഉപരോധം തകർത്ത ക്യൂബൻ ആരോഗ്യരംഗത്തിന് ഉൗർജംപകരാൻ ടൺ കണക്കിന് മരുന്നുകളാണ് വിദേശ പ്രതിനിധികൾ ക്യൂബയിലെത്തിച്ചത്. യുവജന സംഘങ്ങൾ ക്യൂബൻ കർഷകർക്കൊപ്പം കൃഷിയിടങ്ങളിൽ സന്നദ്ധസേവനത്തിലും ഏർപ്പെടുന്നുണ്ട്. പൊളിറ്റ്ബ്യൂറോ അംഗം വിജൂ കൃഷ്ണന്റെ നേതൃത്വത്തിൽ ഏഴംഗ സിപിഐ എം പ്രതിനിധിസംഘം പരിപാടിയിൽ ഇന്ത്യൻ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.










0 comments