ലോകകപ്പ് ആവേശത്തിന് പിന്നാലെ ലാലിഗയ്ക്ക് ആഗസ്ത് 15 ന് തുടക്കം; കിരീടം നിലനിർത്താൻ ബാഴ്സലോണ

ടീം ബാഴ്സലോണ| Photo: Reuters
മാഡ്രിഡ് : ലോകകപ്പ് ആവേശത്തിന് പിന്നാലെ ലാലിഗയുടെ പുതിയ സീസണിന് തുടക്കമാകുന്നു. 2026-27 സീസണിലെ ആദ്യ മത്സരങ്ങൾ ആഗസ്ത് 15ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ കിരീടം നിലനിർത്താനാണ് ഇറങ്ങുന്നത്. അലാവസ്–ഗെറ്റാഫെ പോരാട്ടത്തോടെയാണ് പുതിയ സീസണിന് തുടക്കമാകുന്നത്. ലോകകപ്പിൽ പങ്കെടുത്ത താരങ്ങളുടെ എണ്ണം ടീമിൽ കൂടുതലായതിനാൽ ആഗസ്ത് 27 ലേക്ക് മത്സരം മാറ്റിയിട്ടുണ്ട്.
ലോകകപ്പ് ഫൈനലിൽ ഏറ്റവുമധികം താരങ്ങളെ സംഭാവന ചെയ്ത ലീഗും ലാലിഗയായിരുന്നു. സ്പെയിനും അർജന്റീനയും ഉൾപ്പെട്ട ഫൈനലിലെ 52 താരങ്ങളിൽ 24 പേരും ലാലിഗ ക്ലബ്ബുകളിൽ കളിക്കുന്നവരാണ്. അത്‌ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, റയൽ മാഡ്രിഡ് തുടങ്ങിയ ടീമുകളിലെ താരങ്ങളാണ് ഇതിൽ പ്രധാന പങ്കുവഹിച്ചത്.
ലോകകപ്പ് ജേതാക്കളായ ലാമിൻ യമാൽ, പൗ കുബാർസി, ഫെറാൻ ടോറസ് എന്നിവർക്കൊപ്പം റയൽ മാഡ്രിഡിന്റെ കിലിയൻ എംബാപ്പെ, ജൂഡ് ബെല്ലിങ്ഹാം, വിനീഷ്യസ് ജൂനിയർ തുടങ്ങിയ താരങ്ങളും പുതിയ സീസണിൽ ശ്രദ്ധാകേന്ദ്രമാകും.
ലോകകപ്പിൽ പങ്കെടുത്ത താരങ്ങൾക്ക് നിർബന്ധിത 21 ദിവസത്തെ വിശ്രമം നൽകുന്നതിനായി റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകളുടെ ആദ്യ മത്സരങ്ങൾ മാറ്റിവച്ചിട്ടുണ്ട്. റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും സീസൺ തുടക്കം ആഗസ്ത് 22, 23 തീയതികളിലായിരിക്കും.
2025-26 സീസണിൽ അമേരിക്കയിൽ ലാലിഗയ്ക്ക് റെക്കോർഡ് പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ഇഎസ്പിഎൻ പ്ലാറ്റ്‌ഫോമുകളിലൂടെ 2.01 കോടി പ്രേക്ഷകരും 3.9 ബില്യൺ മിനിറ്റ് കാഴ്ചയും രേഖപ്പെടുത്തിയിരുന്നു.










0 comments