കൊളംബിയയിൽ ബസിൽ സ്ഫോടനം; 13 പേർ കൊല്ലപ്പെട്ടു

കൊളംബിയയിൽ ബസിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യം Photo Credit: AFP
ബോഗോട്ട: തെക്കുപടിഞ്ഞാറൻ കൊളംബിയയിൽ ബസിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 13 പേർ കൊല്ലപ്പെട്ടു. 5 കുട്ടികൾ ഉൾപ്പെടെ 38 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇതിൽ പലരും തദ്ദേശീയ വിഭാഗങ്ങളിൽപ്പെട്ടവരാണ്. കാജിബിയോ മുനിസിപ്പാലിറ്റിയിൽ പനാമെറിക്കൻ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് ആണ് ആക്രമണത്തിനിരയായത്.
ഭീകരപ്രവർത്തകരാണ് ആക്രമണത്തിന് പിന്നാലെന്ന് കൊളംബിയൻ സൈനിക മേധാവി ജനറൽ ഹ്യൂഗോ ലോപ്പസ് സ്ഥിരീകരിച്ചു. കൊളംബിയൻ വിപ്ലവ സായുധ സേനയിലെ (FARC) വിമത വിഭാഗമായ 'ജെയിം മാർട്ടിനെസ്' ഗ്രൂപ്പും അതിന്റെ നേതാവായ 'ഇവാൻ മോർഡിസ്കോ'യുമാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ പറയുന്നു. ഇവർ 2016ലെ സമാധാന കരാർ ലംഘിച്ചവരാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മേഖലയിൽ 26ഓളം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകൾക്ക് നേരെയുള്ള വെടിവയ്പ്പ്, റഡാർ സൗകര്യങ്ങൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണം, സൈനിക യൂണിറ്റുകൾക്ക് സമീപമുള്ള കാർ ബോംബ് സ്ഫോടനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മയക്കുമരുന്ന് കടത്ത് മേഖലകളുടെ നിയന്ത്രണത്തിനായി സായുധ സംഘങ്ങൾ തമ്മിൽ നടത്തുന്ന മത്സരമാണ് അക്രമം വർദ്ധിക്കാൻ കാരണമെന്ന് അധികൃതർ വിലയിരുത്തുന്നു. അക്രമത്തെ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അപലപിച്ചു. വിമത നേതാവ് 'മർലോൺ' ഉൾപ്പെടെയുള്ളവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് സർക്കാർ വലിയ തുക പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.











0 comments