ബൊളീവിയയെ വലത്തോട്ടാക്കാൻ അമേരിക്ക, ഇവോ മോറാലസിനെ ചൊല്ലി ദുരൂഹതതുടരുന്നു


എൻ എ ബക്കർ
Published on Feb 03, 2026, 05:16 PM | 2 min read
ബൊളീവിയയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കരുത്തുറ്റ പ്രതീകമായ മുൻ പ്രസിഡന്റ് ഇവോ മോറാലസ് ദുരൂഹമായി അപ്രത്യക്ഷനായിട്ട് ഒരു മാസം പിന്നിട്ടു. അദ്ദേഹത്തിന്റെ അടുത്ത സഖ്യക്കാരനായി അറിയപ്പെട്ട വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക ബന്ദിയാക്കി തട്ടിക്കൊണ്ടു പോയ സംഭവത്തിന് തൊട്ട് മുൻപാണ് ഇവോ മോറാലസ് അപ്രത്യക്ഷനാവുന്നത്.
ജനുവരി 3ന് ശേഷം,സാധാരണയായി അദ്ദേഹം സ്ഥിരമായി പങ്കെടുക്കാറുള്ള പരിപാടികളിൽ ഒന്നിലും എത്തിയില്ല. കഴിഞ്ഞ നാല് ആഴ്ചയായി റേഡിയോയിലെ തന്റെ രാഷ്ട്രീയ പരിപാടിയും അദ്ദേഹം അവതരിപ്പിച്ചിട്ടില്ല. വർഷങ്ങളായി മുടങ്ങാതെയുണ്ടായിരുന്ന പരിപാടിയാണിത്. സമൂഹമാധ്യമങ്ങളിലെ സ്ഥിരമായ സാന്നിധ്യവും ഇപ്പോൾ ഇല്ല. ബൊളീവിയയിലെ ചാപാറെ മേഖലയിലെ കൊക്കാ കർഷക യൂണിയൻ യോഗങ്ങളിലും എത്തിയില്ല.
ജനുവരി 8ന് ശേഷം മോറാലസിനെ കണ്ടിട്ടില്ലെന്ന് ചാപാറെയിലെ കർഷകർ പറയുന്നു. പ്രദേശത്ത് ഒരു സൂപർ പ്യൂമ ഹെലികോപ്റ്റർ പറന്നത് അദ്ദേഹത്തെ പിടികൂടാനാണെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നു. എന്നാൽ ഇത് വിദേശ ഏജൻസികളുമായി ചേർന്നുള്ള ഡാറ്റ ശേഖരണ ദൗത്യമാണെന്നും മോറാലസുമായി ബന്ധമില്ലെന്നും സർക്കാർ അവകാശപ്പെട്ടു.
മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ അറസ്റ്റു വാറണ്ട് നിലവിലുണ്ട്. ബലാത്സംഗ ആരോപണം മുൻ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിൽ വിലക്കിയത്. എങ്കിലും കഴിഞ്ഞ ഒരു വർഷമായി റാലികളിലും പൊതുവേദികളിലും എത്തിച്ചേരുന്ന പതിവുണ്ടായിരുന്നു. കഴിഞ്ഞ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു.
2006മുതൽ 2019വരെ ഇവോ മൊറാലസ് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു. അദ്ദേഹം നയിച്ചിരുന്ന ഇടതുപക്ഷ MAS പാർട്ടി ശക്തമായ സാമ്പത്തിക വളർച്ചയുടെ ഒരു കാലഘട്ടത്തിലേക്ക് രാജ്യത്തെ നയിച്ചു. അസമത്വം ഏറ്റവും കുറഞ്ഞ കാലമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാൽ അമേരിക്കയ്ക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള നേതാവായിരുന്നു.
മഡുറോയ്ക്ക് ഒപ്പം ഇവോ
അമേരിക്കയുടെ "മയക്കുമരുന്നിനെതിരായ യുദ്ധ"ത്തിന്റെ കടുത്ത വിമർശകനായിരുന്നു മൊറാലസ്. ബൊളീവിയൻ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് അദ്ദേഹം അധികാരത്തിലേറി രണ്ടാമത്തെ വര്‍ഷം, 2008-ൽ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിയെയും (DEA) 2013-ൽ യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിനെയും (USAID)രാജ്യത്ത് നിന്നും പുറത്താക്കിയിരുന്നു.
ഡെങ്കിപ്പനി മുതൽ നാടുവിട്ടുപോകൽ വരെ അഭ്യൂഹങ്ങൾ മൊറാലസിന്റെ ദുരൂഹമായ അപ്രത്യക്ഷമാകലിന് പിന്നിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. 2019ൽ മൂന്നാം തവണ അധികാരം പിടിക്കാനുള്ള ശ്രമത്തിനിൽ പരായപ്പെട്ട് മെക്സിക്കോയിലേക്കും പിന്നീട് അർജന്റീനയിലേക്കും മോറാലസ് രക്ഷപ്പെട്ട സംഭവം ഉണ്ടായിരുന്നു.
“മുൻ പ്രസിഡന്റ് ഔദ്യോഗിക വഴികളിലൂടെ ബൊളീവിയ വിട്ടിട്ടില്ല,”എന്നാണ് പോലീസ് മേധാവി ജനറൽ മിർക്കോ സോകോൾ പ്രതികരിച്ചത്. ഇത് മാത്രമാണ് മുൻ പ്രസിഡന്റിന്റെ തിരോധാനത്തെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടുള്ളത്.
വലത്തോട്ട് തിരിക്കാൻ അമേരിക്ക
കഴിഞ്ഞ ഒക്ടോബറിൽ മിതത്വവാദിയായ റോഡ്രിഗോ പാസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ബൊളീവിയയുടെ രാഷ്ട്രീയ ദിശയിൽ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ലാറ്റിൻ അമേരിക്കയിൽ മുഴുവൻ വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്താനുള്ള പ്രചാരണത്തിലാണ് അമേരിക്ക.
2006 മുതൽ 2019വരെ ബൊളീവിയയുടെ ആദ്യ ആദിവാസി പ്രസിഡന്റായിരുന്ന മോറാലസ്. അമേരിക്കയോടുള്ള കടുത്ത വിരോധവും റഷ്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള അടുപ്പവും കൊണ്ടാണ് അറിയപ്പെട്ടിരുന്നത്. 2008ൽ യുഎസ് അംബാസഡറെയും മയക്കുമരുന്ന് വിരുദ്ധ ഏജൻസികളെയും അദ്ദേഹം രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു.
ഇപ്പോൾ പ്രസിഡന്റ് റോഡ്രിഗോ പാസ് അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലാണ്. യുഎസ് ടൂറിസ്റ്റുകൾക്കുള്ള വിസാ നിബന്ധനകൾ എടുത്തുകളഞ്ഞതും,സാമ്പത്തിക സഹായത്തിനായി അമേരിക്കയുമായി ചർച്ചകൾ നടത്തിയതും ഇതിന്റെ ഭാഗമാണ്. ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസിയെ (DEA)തിരിച്ചുകൊണ്ടുവരാനുള്ള നീക്കവും ഇതിന് പിന്നാലെ ആരംഭിച്ചു. മുൻ സോഷ്യലിസ്റ്റ് പ്രസിഡന്റ് ലൂയിസ് ആർസിന്റെ കീഴിൽ ചൈനയുമായും റഷ്യയുമായും ഒപ്പുവച്ച ലിഥിയം ഖനന, സംസ്കരണ കരാറുകൾ പുനപ്പരിശോധിക്കുന്നു.
DEAയുടെ തിരിച്ചുവരവ് ചാപാറെയിലെ കൊക്കാ കർഷകരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 1990കളിൽ നടന്ന യുഎസ് പിന്തുണയുള്ള മയക്കുമരുന്ന് വിരുദ്ധ യുദ്ധത്തിന്റെ കടുത്ത അനുഭവങ്ങൾ ഇവിടുത്തുകാർ ഇപ്പോഴും മറന്നിട്ടില്ല. മുൻ പ്രസിഡന്റിന് കര്‍ഷകര്‍ക്കിടയിൽ ഇപ്പോഴും സ്വാധീനം നിലനിൽക്കുന്നു.










0 comments