ad
Deshabhimani

print edition യുഎസിന്റേത്‌ അപകടകരമായ നീക്കം ; ട്രംപിനെതിരെ 
യൂറോപ്യൻ രാജ്യങ്ങൾ

ഡോണൾഡ്‌ ട്രംപ്‌
വെബ് ഡെസ്ക്

Published on Jan 19, 2026, 02:32 AM | 1 min read


ബ്രസ്സൽസ്‌

ഗ്രീൻലൻഡ്‌ ഏറ്റെടുക്കാനുള്ള അമേരിക്കൻ പദ്ധതിയെ എതിർക്കുന്ന രാജ്യങ്ങൾക്ക്‌ അധിക ഇറക്കുമതിത്തീരുവ ചുമത്തിയ യുഎസ്‌ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി യൂറോപ്യൻ രാജ്യങ്ങൾ. യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റേത്‌ അപകടകരമായ നീക്കമാണെന്ന്‌ യൂറോപ്യൻ യൂണിയൻ അംബാസഡർമാരുടെ അടിയന്തര യോഗം സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു. ഡെൻമാർക്ക്‌, ഫിൻലൻഡ്‌, ഫ്രാൻസ്‌, ജർമനി, ബ്രിട്ടൻ, നെതർലൻഡ്‌സ്‌, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളാണ്‌ സംയുക്ത പ്രസ്‌താവനയിറക്കിയത്‌. ‘ഡെൻമാർക്കിനോടും ഗ്രീൻലൻഡിലെ ജനങ്ങളോടും ഞങ്ങൾ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും തത്വങ്ങളെ അടിസ്ഥാനമാക്കി സംഭാഷണങ്ങൾക്ക്‌ ഞങ്ങൾ തയ്യാറാണ്‌’ പ്രസ്‌താവനയിൽ പറയുന്നു.


​ നാറ്റോ സഖ്യകക്ഷികൾക്കുമേൽ തീരുവ ചുമത്തുന്നത് പൂർണമായും തെറ്റാണെന്ന്‌ ബ്രിട്ടൻ പ്രധാനമന്ത്രി കെയിർ സ്‌റ്റാമർ പറഞ്ഞു. ‘ഗ്രീൻലൻഡിനെക്കുറിച്ചുള്ള ബ്രിട്ടന്റെ നിലപാട് വ്യക്തമാണ്. -ഇത് ഡെൻമാർക്കിന്റെ ഭാഗമാണ്. അതിന്റെ ഭാവി ഗ്രീൻലൻഡുകാരുടെയും ഡെൻമാർക്കുകാരുടെയും കാര്യമാണ്’–സ്‌റ്റാമർ പറഞ്ഞു. ഗ്രീൻലൻഡിന്റെ പേരിലുള്ള അധിക തീരുവ അസ്വീകാര്യമാണെന്നും ഭീഷണികൾക്ക്‌ വഴങ്ങില്ലെന്നും ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഗ്രീൻലൻഡ്‌ പിടിച്ചെടുക്കുന്നത്‌ തെറ്റാണെന്നും അതിനെ എതിർക്കുന്ന രാജ്യങ്ങൾക്ക്‌ നികുതി ചുമത്തുന്നത്‌ അതിനേക്കാൾ വലിയ തെറ്റാണെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. ഇക്കാര്യം ട്രംപിനോട്‌ നേരിട്ട്‌ അറിയിച്ചതായും അവർ പറഞ്ഞു.


അധിക നികുതി ചുമത്തുന്നത്‌ അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പരസ്‌പര ബന്ധത്തെ ഇത്‌ ദുർബലമാക്കുമെന്നും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ്‌ ഉർസുല വോൺ ഡെർ ലെയ്‌ൻ പറഞ്ഞു. അധിക നികുതി ചുമത്തിയ യുഎസ്‌ നടപടി യുഎസ്‌–യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിനെ പ്രതികൂലമായി ബാധിക്കുമെന്ന്‌ യൂറോപ്യൻ പീപ്പിൾസ്‌ പാർടി (ഇപിപി) പ്രസിഡന്റ്‌ മാൻഫ്രെഡ്‌ വെബർ പറഞ്ഞു. അധിക നുകിതി ചുമത്തിയുള്ള വ്യാപാര യുദ്ധം ആർക്കും ഗുണം ചെയ്യില്ലെന്ന്‌ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ പറഞ്ഞു. ഇ‍ൗ വിഷയത്തിൽ യുഎസുമായി യോജിച്ച്‌ പോകാനാകില്ലെന്ന്‌ ജർമ്മൻ ധനമന്ത്രി ലാർസ് ക്ലിംഗ്ബെയ്ൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home