യൂറോപ്പിൽ കാട്ടുതീ പടരുന്നു; കടുത്ത ഉഷ്ണതരംഗത്തിൽ മരണസംഖ്യ പതിനായിരം കടന്നു

ഏതൻസ് : വൻകരയിൽ തുടർച്ചയായുണ്ടായ കടുത്ത ഉഷ്ണതരംഗത്തിനും വരൾച്ചയ്ക്കും പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിൽ കാട്ടുതീ നാശം വിതയ്ക്കുന്നു. ഗ്രീസ്, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ ശക്തമായ കാറ്റിനെ തുടർന്ന് കാട്ടുതീ പടർന്നതോടെ പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഗ്രീസിന്റെ തലസ്ഥാനമായ ഏതൻസിന് സമീപം രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ബൊയോട്ടിയ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയെ തുടർന്ന് ആജിയോസ് വാസിലിയോസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് നൂറിലധികം ആളുകളെ കടൽമാർഗമാണ് രക്ഷപ്പെടുത്തിയത്.
ഫ്രാൻസിലെ വാർ ഡിപ്പാർട്ട്‌മെന്റിൽ മൂന്ന് ദിവസം മുൻപ് നിയന്ത്രണവിധേയമാക്കിയ കാട്ടുതീ ശക്തമായ കാറ്റിൽ വീണ്ടും പടരുകയും 1000 ഹെക്‌ടറിലധികം വനം കത്തിനശിക്കുകയും ചെയ്തു. ഇവിടെ നിന്ന് 2500 ഓളം ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. സ്പെയിനിൽ ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും ലിയോൺ, സമോറ, കാസ്റ്റെലോൺ എന്നീ പ്രവിശ്യകളിൽ പുതിയ കാട്ടുതീ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് യൂറോപ്പിൽ ആയിരക്കണക്കിന് ആളുകളാണ് മരണപ്പെട്ടത്. ഓസ്ട്രിയയിൽ ജൂൺ മാസത്തിൽ മാത്രം 395 ഉഷ്ണതരംഗ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കടുത്ത ചൂടുമൂലം യുകെയിൽ 2,800ലധികം ആളുകളും ഫ്രാൻസിൽ 5,700ലധികം ആളുകളും ജർമ്മനിയിൽ 9,800ഓളം ആളുകളും മരിച്ചതായാണ് കണക്കുകൾ.
യൂറോപ്യൻ നദിയായ ഡാന്യൂബിലെ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് നദി വഴിയുള്ള ചരക്കുനീക്കത്തെയും ഊർജ്ജ ഉൽപ്പാദനത്തെയും കടുത്ത പ്രതിസന്ധിയിലാക്കി. ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ഹംഗറിയിൽ ആണവോർജ്ജ ഉൽപ്പാദനവും സെർബിയയിൽ ജലവൈദ്യുത ഉൽപ്പാദനവും കുത്തനെ കുറഞ്ഞു. റൊമാനിയയിലെ ആണവനിലയത്തിലെ ഒരു റിയാക്ടറിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെക്കേണ്ടി വന്നത് രാജ്യത്തെ അഞ്ചിലൊന്ന് വൈദ്യുതി ആവശ്യകതയെയും ബാധിച്ചു.










0 comments