യൂറോപ്പിൽ ഉഷ്ണതരംഗം രൂക്ഷം; മരണസംഖ്യ 1,300 കടന്നു

അതിരൂക്ഷമായ ഉഷ്ണതരംഗം തുടരുന്ന യൂറോപ്പിലെ ദൃശ്യങ്ങൾ | Photo: Reuters
പാരീസ് : യൂറോപ്പിലുടനീളം അനുഭവപ്പെടുന്ന അതിരൂക്ഷമായ ഉഷ്ണതരംഗത്തെ തുടർന്ന് ഇതുവരെ 1,300ൽ അധികം പേർ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ജൂൺ 21 മുതൽ രേഖപ്പെടുത്തിയ കണക്കുകളാണിത്. യൂറോപ്പിലെ വീടുകളും വിദ്യാലയങ്ങളും ഓഫീസുകളും ഇത്രയും ഉയർന്ന താപനിലയെ നേരിടാൻ സജ്ജമല്ലെന്നും, അതുകൊണ്ട് തന്നെ ഉഷ്ണതരംഗം ഒരു നിശബ്ദ കൊലയാളി ആയി മാറുന്നുവെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ഫ്രാൻസിൽ മാത്രം 1,000 ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും 65 വയസ്സിന് മുകളിലുള്ളവരാണ്. ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗതയിൽ ചൂട് കൂടുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറിയെന്നും, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഈ വെല്ലുവിളികളെ നേരിടാൻ രാജ്യങ്ങൾ കർമ്മപദ്ധതികൾ തയ്യാറാക്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.
ജർമ്മനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ താപനില റെക്കോഡ് ഭേദിച്ചു. ജർമ്മനിയിലെ കോഷനിൽ 41.7 ഡിഗ്രി സെൽഷ്യസും, ചെക്ക് റിപ്പബ്ലിക്കിലെ ഡോക്സാനിയിൽ 41.1 ഡിഗ്രി സെൽഷ്യസും, പോളണ്ടിലെ സ്ലുബീസിൽ 40.5 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. കനത്ത ചൂടിനെ തുടർന്ന് പലയിടത്തും സ്കൂളുകൾ അടച്ചു. നെതർലൻഡിലെ ഡെഫ്‌കോൺ.1 മ്യൂസിക് ഫെസ്റ്റിവൽ റദ്ദാക്കി. പാരീസിൽ മദ്യപാനത്തിന് നിയന്ത്രണമേർപ്പെടുത്തുകയും പ്രൈഡ് മാർച്ച് റദ്ദാക്കുകയും ചെയ്തു. ഉഷ്ണതരംഗം തുടങ്ങിയ ശേഷം ഫ്രാൻസിൽ മാത്രം 74 പേർ വെള്ളത്തിൽ മുങ്ങി മരിച്ചു. ഹീറ്റ് ഡോം എന്ന പ്രതിഭാസമാണ് ഈ അതിതീവ്ര ചൂടിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.











0 comments