നെതന്യാഹു 'പുതിയ കാലത്തെ ഹിറ്റ്‌ലർ'; ഇസ്രയേലിനെതിരെ കടുത്ത ഭാഷയിൽ തുർക്കിയും എർദോഗനും

ബെഞ്ചമിൻ നെതന്യാഹു, തയ്യിബ് എർദോഗൻ (Photo Credit : Reuters)
അങ്കാറ : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ 'പുതിയ കാലത്തെ ഹിറ്റ്‌ലർ' എന്ന് വിശേഷിപ്പിച്ച് തുർക്കി. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ പ്രസ്താവനകളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടയിലാണ് തുർക്കി വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങളെയും പലസ്തീൻ വിഷയത്തിലെ നിലപാടുകളെയും എർദോഗൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെതിരെ ഇസ്രയേൽ ഭരണകൂടം രംഗത്തെത്തിയതോടെയാണ് തർക്കം വഷളായത്.
എർദോഗനെതിരായ ഇസ്രയേലിന്റെ വിമർശനങ്ങൾക്ക് മറുപടിയായാണ് തുർക്കി വിദേശകാര്യ മന്ത്രാലയം നെതന്യാഹുവിനെ നാസി സ്വേച്ഛാധിപതിയായ ഹിറ്റ്‌ലറിനോട് ഉപമിച്ചത്. ഗാസയിലെയും പശ്ചിമേഷ്യയിലെയും കൂട്ടക്കുരുതികൾക്ക് നെതന്യാഹു മറുപടി പറയേണ്ടി വരുമെന്നും തുർക്കി പ്രസ്താവനയിൽ പറഞ്ഞു.
എർദോഗന്റെ പ്രസ്താവനകൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നുമാണ് ഇസ്രയേലിന്റെ വാദം. തുർക്കിയുടെ നിലപാടുകൾ മേഖലയിലെ സമാധാനശ്രമങ്ങളെ തകർക്കുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ഒരുകാലത്ത് അടുത്ത പ്രതിരോധ - സാമ്പത്തിക ബന്ധം പുലർത്തിയിരുന്ന തുർക്കിയും ഇസ്രയേലും തമ്മിലുള്ള ബന്ധം സമീപകാലത്തെ ഏറ്റവും മോശമായ അവസ്ഥയിലാണ്. പലസ്തീൻ വിഷയത്തിൽ എർദോഗൻ സ്വീകരിക്കുന്ന കടുത്ത നിലപാടുകൾ തുർക്കിയെ പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധത്തെ ഇത് പൂർണമായും തകർത്തിരിക്കുകയാണ്. ഈ പുതിയ വാക്പോര് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.









0 comments