എബോള വൈറസ് വ്യാപനം: അയൽരാജ്യമായ കോംഗോയുമായുള്ള അതിർത്തി അടച്ച് ഉഗാണ്ട

കമ്പാല: എബോള വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അയൽരാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുമായുള്ള അതിർത്തി ഉഗാണ്ട താത്കാലികമായി അടച്ചു. നാല് ആഴ്ചത്തേക്കാണ് അതിർത്തി നിയന്ത്രണം. ഉഗാണ്ടയിൽ ഒരു മരണം ഉൾപ്പെടെ എബോള സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. നിലവിൽ ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തതായും നൂറുകണക്കിന് ആളുകൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന കോംഗോയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ എബോള പടരുന്നത് തടയാനുള്ള ആരോഗ്യപ്രവർത്തകരുടെ ശ്രമങ്ങൾക്ക് സായുധ സംഘങ്ങളുടെ ആക്രമണങ്ങൾ കടുത്ത തടസ്സമാവുകയാണ്. രോഗവ്യാപനവും യുദ്ധവും ഒരേസമയം ജനജീവിതം തകർക്കുന്ന ഈ സാഹചര്യത്തെ “മഹാവിപത്ത്” എന്നാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ ഡോ. ടെഡ്രോസ് അഥാനം ഗബ്രിയേസസ് വിശേഷിപ്പിച്ചത്. കോംഗോയിലെ പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി അദ്ദേഹം ഈ ആഴ്ച രാജ്യം സന്ദർശിക്കും.
നിരന്തരമുണ്ടാകുന്ന ബോംബാക്രമണങ്ങൾക്കിടയിൽ രോഗികളെ മാറ്റിപ്പാർപ്പിക്കുന്നതോ സുരക്ഷിതമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതോ അസാധ്യമാണെന്ന് ഡോ. ടെഡ്രോസ് വ്യക്തമാക്കി. നിലവിൽ കോംഗോയിൽ എബോള ബാധിച്ച് 220-ഓളം പേർ മരിച്ചതായാണ് കണക്കാക്കുന്നത്. തകർന്ന റോഡുകളും ജനങ്ങളുടെ കൂട്ടപ്പലായനവും അന്താരാഷ്ട്ര സഹായങ്ങളിലെ കുറവും രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പൂർണ്ണമായും താറുമാറാക്കി.
സായുധ ഗ്രൂപ്പുകളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി 2021 മുതൽ ഇറ്റൂരി പ്രവിശ്യ സൈനിക ഭരണത്തിന് കീഴിലാണ്. എന്നാൽ ഇവിടെ ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ പോലും നിരന്തരം ആക്രമണങ്ങളുണ്ടാകുന്നു. ഇത് രോഗികളെയും അവരുടെ സമ്പർക്ക പട്ടികയിലുള്ളവരെയും കണ്ടെത്തുന്നതിന് വലിയ വിലങ്ങുതടിയാണ് സൃഷ്ടിക്കുന്നത്. മെഡിക്കൽ സംഘത്തിന് സുരക്ഷിതമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കണമെന്നും, എല്ലാ വിഭാഗങ്ങളും ഉടനടി വെടിനിർത്തലിന് തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. നിലവിൽ ജീവൻ പണയം വെച്ചാണ് ആരോഗ്യ പ്രവർത്തകർ കോംഗോയിൽ സേവനം അനുഷ്ഠിക്കുന്നത്.










0 comments