ദക്ഷിണാഫ്രിക്കയിൽ പടർന്നുപിടിച്ച് വീണ്ടും എബോള; 65 മരണം, എങ്ങനെ പ്രതിരോധിക്കാം..?

(Photo: BBC)
കോംഗോ: ദക്ഷിണാഫ്രിക്കയിൽ ആശങ്ക ഉയർത്തി എബോള പടർന്നുപിടിക്കുന്നു. ഇതുവരെ 65 മരണങ്ങൾ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രോഗം അതിവേഗം പടർന്നുപിടിക്കുന്നത് ആഫ്രിക്കയിലുടനീളം വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) നൽകുന്ന വിവരങ്ങൾ പ്രകാരം, ഇട്ടൂരി (Ituri) പ്രവിശ്യയിൽ 246 ഓളം സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രോഗബാധകളിൽ ഭൂരിഭാഗവും മോങ്‌വാലു (Mongwalu), റവാംപര (Rwampara) എന്നീ ഹെൽത്ത് സോണുകളിലാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനുപുറമെ, പ്രവിശ്യാ തലസ്ഥാനമായ ബുനിയയിലും (Bunia) എബോള ബാധിച്ചതായി സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം. 1976-ൽ ഈ വൈറസ് ആദ്യമായി കണ്ടെത്തിയതിന് ശേഷം കോംഗോയിൽ നിരവധി തവണ എബോള പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. വീണ്ടും പടർന്നുപിടിക്കുന്നതിന്റെ ആശങ്കയിലാണ് അധികൃതർ.
എന്താണ് എബോള..?
മനുഷ്യരിൽ അതീവ ഗുരുതരമായ രോഗാവസ്ഥയിലേയ്ക്ക് തള്ളിവിടാനും മരണത്തിലേയ്ക്ക് വരെ നയിക്കാനും സാധിക്കുന്ന ഏറ്റവും അപകടകാരിയായ വൈറസ് പരത്തുന്ന രോഗമാണ് എബോള. ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്ന വൈറസ് മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുന്നു. രോഗം ഗുരുതരമാകുന്ന സാഹചര്യങ്ങളിൽ ശരീരത്തിനകത്തും പുറത്തും രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഇത് 'വൈറൽ ഹെമറാജിക് ഫീവർ' (Viral Haemorrhagic Fevers) എന്ന വൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്നു.
1976-ൽ ഇന്നത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുള്ള എബോള നദിക്ക് സമീപമാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. അതിനുശേഷം, ഈ രോഗബാധകൾ ഭൂരിഭാഗവും ഉണ്ടായിട്ടുള്ളത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്, പ്രത്യേകിച്ച് ഉഷ്ണമേഖലാ വനങ്ങളുള്ള പ്രദേശങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത്. എബോളയുടെ മരണനിരക്ക് വളരെ കൂടുതലാണെങ്കിലും, രോഗികൾക്ക് തുടക്കത്തിൽ തന്നെ തന്നെ വൈദ്യസഹായവും, ആവശ്യത്തിന് ദ്രാവകങ്ങളും (Fluids), മറ്റ് അനുബന്ധ പരിചരണങ്ങളും ലഭിക്കുകയാണെങ്കിൽ മരണസാധ്യത കുറയ്ക്കാൻ സാധിക്കുമെന്നാണ് വിവരം.
എബോള എങ്ങനെ പടരുന്നു..?
രോഗബാധയുള്ള വ്യക്തിയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് എബോള അതിവേഗം പകരുന്നത്. എബോള വൈറസ് ബാധിച്ച ഒരാളുടെ രക്തം, വിയർപ്പ്, ഉമിനീര്, ഛർദ്ദി, മൂത്രം, മുലപ്പാൽ, ബീജം (Semen) തുടങ്ങിയവ പുരണ്ട വസ്ത്രങ്ങളിലോ മെഡിക്കൽ ഉപകരണങ്ങളിലോ പ്രതലങ്ങളിലോ തൊടുന്നതിലൂടെയും മറ്റുമാണ് എബോള പടരുന്നത്. വായുവിലൂടെ എബോള പടരില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. വവ്വാലുകൾ, പ്രൈമേറ്റുകൾ (കുരങ്ങുകൾ, ചിമ്പാൻസികൾ തുടങ്ങിയവ) പോലുള്ള രോഗബാധിതരായ മൃഗങ്ങളിൽ നിന്നും മനുഷ്യർക്ക് ഈ വൈറസ് പിടിപെടാമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
എബോളയുടെ രോഗലക്ഷണങ്ങൾ;
വൈറസ് ബാധ ഉണ്ടായി രണ്ട് മുതൽ 21 ദിവസങ്ങൾക്കുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. തുടക്കത്തിൽ ഇത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
*പെട്ടെന്നുണ്ടാകുന്ന പനി
*കടുത്ത ക്ഷീണം / തളർച്ച
*തലവേദന
*പേശി വേദന
*തൊണ്ടവേദന
*ഛർദ്ദി
*വയറിളക്കം
*വയറുവേദന
തുടങ്ങിയവയാണ് എബോള ബാധിക്കുന്നവരിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ. രോഗം ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ ചിലരിൽ മൂക്ക്, പല്ലിന്റെ മോണകൾ അല്ലെങ്കിൽ ആന്തരികാവയവങ്ങൾ എന്നിവയിൽ നിന്ന് രക്തസ്രാവം ഉണ്ടായേക്കാം. ഇതോടൊപ്പം ശരീരത്തിൽ നിന്നുള്ള ജലാംശം അമിതമായി നഷ്ടപ്പെടുക (Severe dehydration), ഷോക്ക് (Shock), അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുക (Organ failure) എന്നിവയും സംഭവിച്ചേക്കാം. എബോളയുടെ ലക്ഷണങ്ങൾ മറ്റ് പല രോഗബാധകൾക്കും സമാനമായതിനാൽ, ലബോറട്ടറി പരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം കൂടുതൽ പകരുന്നത് തടയാൻ രോഗികളെ മാറ്റിപ്പാർപ്പിക്കേണ്ടതും (Isolation) ചികിത്സ നൽകേണ്ടതും ഉള്ളതിനാൽ, തുടക്കത്തിൽ തന്നെയുള്ള രോഗനിർണ്ണയം വളരെ പ്രധാനമാണ്.
പ്രതിരോധം എങ്ങനെ ?
എബോള തടയുന്നത് പ്രധാനമായും രോഗബാധിതരായ ആളുകളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതിനെയും കർശനമായ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിനെയും ആശ്രയിച്ചിരിക്കും. എബോള രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ കയ്യുറകൾ (Gloves), മാസ്കുകൾ, ഗൗണുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ (Protective equipment) നിർബന്ധമായും ധരിക്കണം.
പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ;
* സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ കൃത്യമായി കഴുകുക.
*ശാരീരിക ദ്രാവകങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
*രോഗബാധിതരായ മൃഗങ്ങളിൽ നിന്ന് അകന്നു നിൽക്കുക.
*സുരക്ഷിതമല്ലാത്ത ശവസംസ്കാര ചടങ്ങുകൾ ഒഴിവാക്കുക.
*ലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക.










0 comments