അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഡൽഹി, നാഷണൽ ക്യാപിറ്റൽ റീജിയൻ, ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ സെക്കൻഡുകളോളം നീണ്ടുനിന്ന പ്രകമ്പനമുണ്ടായി.
ഭൂചലനത്തെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തിറങ്ങി. പാകിസ്ഥാനിലെ ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ എന്നിവിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. ഇന്ത്യയിൽ എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂമിക്കടിയിൽ ഏകദേശം 180 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ കേന്ദ്രമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുമാസങ്ങളായി അഫ്ഗാൻ മേഖലയിൽ തുടർച്ചയായുണ്ടാകുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.










0 comments