ad
Deshabhimani

print edition കുവൈത്തിനെതിരെ 
വീണ്ടും ഡ്രോണ്‍ ആക്രമണം

drone image
വെബ് ഡെസ്ക്

Published on Apr 11, 2026, 12:30 AM | 1 min read

മനാമ : അമേരിക്കയും ഇറാനും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം നിലനില്‍ക്കെ, കുവൈത്തിലെ ദേശീയ സുരക്ഷാ സേനയുടെ (നാഷണല്‍ ഗാര്‍ഡ്) സൈനിക കേന്ദ്രത്തിനുനേരെ വീണ്ടും ഡ്രോണ്‍ ആക്രമണം. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. കേന്ദ്രത്തിന്‌ കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. രണ്ടാം തവണയാണ് നാഷണല്‍ ഗാര്‍ഡ് കേന്ദ്രം ആക്രമിക്കപ്പെടുന്നത്. ആക്രമണത്തെ കുവൈത്ത്‌ വിദേശമന്ത്രാലയം അപലപിച്ചു. ഇറാനും അവരുടെ വിശ്വസ്തരായ സായുധ ഗ്രൂപ്പുകളുമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രസ്താവനയില്‍ ആരോപിച്ചു.

പരമാധികാരത്തിന് മേലുള്ള നഗ്‌നമായ ലംഘനമാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളെ ഇറാന്‍ കാറ്റില്‍ പറത്തുകയാണെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം, ആരോപണം ഇറാന്‍ നിഷേധിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നശേഷം ഒരു തരത്തിലുള്ള ആക്രമണവും നടത്തിയിട്ടില്ലെന്ന്‌ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) അറിയിച്ചു. മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ അമേരിക്കയോ സയണിസ്റ്റ് ശത്രുക്കളോ നടത്തുന്ന നാടകമാണിതെന്നാണ് ഇറാന്റെ നിലപാട്.

തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തുകയാണെങ്കില്‍ അത് ഔദ്യോഗികമായി അറിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ​സൗദി എണ്ണ 
ഉല്‍പ്പാദനത്തില്‍ ഇടിവ് ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ സൗദിയിലെ പ്രധാന എണ്ണ വിതരണ പാതയായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിലെ പമ്പിംഗ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായിരുന്നു. പൈപ്പ് ലൈനിന് സാരമായ കേടുപാടുണ്ടായതോടെ പ്രതിദിനം 7,00,000 ബാരല്‍ എണ്ണയുടെ ഒഴുക്ക് തടസ്സപ്പെട്ടു. 
 ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കയറ്റുമതി തടസപ്പെട്ടതോടെ സൗദിയുടെ ഏക പ്രധാന എണ്ണക്കടത്ത് പാതയാണ് ഈ പൈപ്പ് ലൈന്‍. പ്രധാന ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതോടെ രാജ്യത്തെ എണ്ണ ഉല്‍പാദനത്തില്‍ വന്‍ കുറവുണ്ടായതായി സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണത്തെ ഇത് സാരമായി ബാധിക്കുമെന്നും വിപണിയില്‍ വലിയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും സൗദി ഊര്‍ജ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home