ad
Deshabhimani

കോംഗോയിൽ വൻ ഖനി ദുരന്തം; മണ്ണിടിഞ്ഞ് വീണ് മരണം 200 കടന്നു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Congo.jpg
വെബ് ഡെസ്ക്

Published on Jan 31, 2026, 10:58 PM | 1 min read

കിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഉണ്ടായ ഖനി അപകടത്തിൽ മരണം 200 കടന്നു. കിഴക്കൻ കോംഗോയിലെ റുബയയിലുള്ള കോൾട്ടൻ ഖനിയാണ് കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തകർന്നത്. കൊല്ലപ്പെട്ടവരിൽ ഖനിത്തൊഴിലാളികൾക്ക് പുറമെ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.


പലരും ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ബുധനാഴ്ചയാണ് ദാരുണമായ സംഭവം. കനത്ത മഴയെത്തുടർന്ന് മണ്ണ് ദുർബലമായതാണ് അപകടത്തിന് കാരണമായതെന്ന് നോർത്ത് കിവു പ്രവിശ്യാ അധികൃതർ അറിയിച്ചു.


ഏകദേശം 227 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റ 20 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെങ്കിലും പ്രതികൂല കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും തടസ്സമാകുന്നുണ്ട്.


2024 മുതൽ എം 23 വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന ടാന്റലം എന്ന ലോഹം വേർതിരിച്ചെടുക്കുന്ന കോൾട്ടൻ അയിരിന്റെ ലോകത്തിലെ തന്നെ പ്രധാന ഉറവിടങ്ങളിലൊന്നാണ് റുബയ.


ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഇവിടെ ഖനനം നടക്കുന്നത്. തടസ്സമില്ലാത്ത കുഴിയെടുക്കലും മഴക്കാലത്തെ മുന്നറിയിപ്പുകൾ അവഗണിച്ചതുമാണ് ഇത്ര വലിയ ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


അപകടത്തെത്തുടർന്ന് റുബയയിലെ ഖനന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഖനിക്ക് സമീപം താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home