print edition ഇന്ത്യ – പാക് യുദ്ധം അവസാനിപ്പിച്ചത് താനെന്ന് ആവർത്തിച്ച് ട്രംപ്

ന്യൂഡൽഹി
ഇന്ത്യ–പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ നിർണായക ഇടപെടലുകളാണ് യുദ്ധം അവസാനിപ്പിച്ചതെന്നും 200 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയെ തുടർന്നാണ് ഇരു രാജ്യവും യുദ്ധത്തിൽ നിന്നും പിൻമാറിയതെന്നും ട്രംപ് ഗാസ സമാധാന സമിതി യോഗത്തിൽ ആവർത്തിച്ചതോടെ മോദിസർക്കാർ വീണ്ടും വെട്ടിലായി.
ഇന്ത്യ–പാക് സംഘർഷത്തിനിടെ വിലയേറിയ 11 ജെറ്റുകൾ വെടിവെച്ചിട്ടെന്ന ട്രംപിന്റെ പ്രസ്‌താവനയും കേന്ദ്രസർക്കാരിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിട്ടുള്ളത്.
‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കൊടുന്പിരി കൊണ്ട അവസരത്തിൽ ഞാൻ ഇരുനേതാക്കളെയും ഫോണിൽ വിളിച്ചു. രണ്ടുപേരെയും കുറിച്ച് എനിക്ക് കുറച്ച് ധാരണയുണ്ട്. മോദിയുമായി വളരെ നല്ല ബന്ധമാണ്. ഞാൻ രണ്ടുപേരോടും പറഞ്ഞു–നോക്കൂ തർക്കം പരിഹരിച്ചില്ലെങ്കിൽ നിങ്ങളുമായി വ്യാപാരകരാറുകളിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തമ്മിലടി തുടരുകയാണെങ്കിൽ, രണ്ടുരാജ്യങ്ങൾക്കും 200 ശതമാനം തീരുവ ചുമത്തുമെന്നും ഞാൻ പറഞ്ഞു. ഇരുനേതാക്കൾക്കും സംഘർഷം തുടരണമെന്നുണ്ടായിരുന്നു. പക്ഷേ, പൈസയുടെ കാര്യം വരുന്പോൾ മറ്റ് വിഷയങ്ങൾ എല്ലാം മാറിനിൽക്കും. ഇരുകൂട്ടർക്കും കാര്യമായ സാന്പത്തികനഷ്ടം അതിനോടകം സംഭവിച്ചിരുന്നു. വിലകൂടിയ 11 ജെറ്റുകൾ വെടിവെച്ചിട്ടിരുന്നു. ഇൗ സാഹചര്യത്തിൽ, ഇരുകൂട്ടരും ഞങ്ങൾ യുദ്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു’– ട്രംപ് അവകാശപ്പെട്ടു.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കിയായിരുന്നു ട്രംപിന്റെ അവകാശവാദം. താൻ പറയുന്ന കാര്യങ്ങൾ മോദിയും കേൾക്കുന്നുണ്ടെന്ന് ഉറപ്പാണെന്നും ട്രംപ് പറഞ്ഞു.










0 comments