ad
Deshabhimani

ഇറാനെതിരായ യുദ്ധം: ട്രംപിന്റെ പിൻവാങ്ങൽ ആലോചനയ്ക്ക് പിന്നിൽ

Donald Trump
വെബ് ഡെസ്ക്

Published on Mar 22, 2026, 02:55 PM | 3 min read

ഇറാനെതിരായ യുദ്ധം തുടങ്ങി ഒരാഴ്ച്ചക്കുള്ളിൽ തന്നെ ആ രാജ്യത്തെ തകർത്ത് തരിപ്പണമാക്കാമെന്ന മോഹം വെള്ളത്തിലായതിനാല്‍ യുദ്ധം ഏത് വിധേനയും അവസാനിപ്പിക്കാൻ സാധ്യത തേടിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ‌ കീഴടങ്ങുമെന്ന യുഎസ് -ഇസ്രയേൽ ധാരണകൾക്ക് മങ്ങലേറ്റു. തുടര്‍ന്ന് യുദ്ധം മുന്നോട്ട് പോകവെ വലിയ നഷ്ടം അമേരിക്ക അനുഭവിക്കേണ്ടിവരികയായിരുന്നു. തിടുക്കപ്പെട്ട് യുദ്ധത്തിൽ നിന്നും പിൻവാങ്ങാൻ ട്രംപ് വഴികൾ തേടിയതും ഇതിനാല്‍ തന്നെ.


യുദ്ധമേഖയിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകളെ അയച്ചതിന് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. എണ്ണവില കുതിച്ചതോടെ അമേരിക്കൻ ഓഹരി വിപണി വൻതകർച്ച നേരിടുകയാണ്. അമേരിക്കൻ പിൻവാങ്ങലിന്റെ പ്രധാന കാരണവും ഇത് തന്നെ. ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം നീക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവും പിന്നാലെയുണ്ടായി.


പശ്ചിമേഷ്യയിൽ അമേരിക്ക ലക്ഷ്യത്തിലേക്ക്‌ അടുക്കുന്നെന്നും ഇറാന്റെ മിസൈൽശേഷി ഗണ്യമായി കുറയ്ക്കാനായെന്നുമാണ് ട്രംപിന്റെ മറ്റൊരു ന്യായം. ഗൾഫ്‌ രാഷ്ട്രങ്ങളെ ഇറാന്റെ ഭീഷണിയിൽ നിന്ന്‌ സംരക്ഷിച്ചുവെന്നും ട്രംപ്‌ അവകാശപ്പെട്ടു. എ​ന്നാൽ ട്രംപ് പറഞ്ഞിരിക്കുന്ന പ്രസ്താവനകളൊന്നും തന്നെ വസ്തുതയുമായി ഒത്തുപോകുന്നതായിരുന്നില്ല. ഇറാന്റെ മിസെെൽ ശേഷി കുറയ്ക്കാനായെന്ന് ട്രംപ് പറയുമ്പോഴാണ് യുഎസിനെ ഞെട്ടിച്ച് ഡീ​ഗോ ​ഗാർഷ്യയെ ഇറാൻ ആക്രമിച്ചത്.


ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ യുകെ – യുഎസ്‌ സംയുക്ത സൈനിക താവളമായ ഡീഗോ ഗാർഷ്യ ദ്വീപാണ് ഇറാൻ ആക്രമിച്ചത്. രണ്ട്‌ മധ്യദൂര ബാലിസ്‌റ്റിക്‌ മിസൈലുകളാണ് ശനിയാഴ്ച ഇറാൻ 4000ത്തോളം കിലോമീറ്റർ അകലെയുള്ള ദ‍്വീപിലേക്ക് തൊടുത്തത്. ഒന്ന് വഴിമധ്യേ തടഞ്ഞെന്നും മറ്റൊരെണ്ണം യുദ്ധക്കപ്പൽ ഉപയോഗിച്ച്‌ തകർത്തെന്നും യുഎസ്‌ അവകാശപ്പെടുകയായിരുന്നു. മധ്യപൂർവേഷ്യയിൽ നിന്നും ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കും യുദ്ധം ഇതോടെ വ്യാപിച്ചു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറായി 1800 കിലോമീറ്റർ മാറിയാണ് ഡീഗോ ഗാർഷ്യ ദ്വീപ്.


22 ദിവസത്തിനിടെ ഇറാനിൽനിന്നും മധ്യപൂർവേഷ്യക്ക്‌ പുറത്തേക്ക്‌ നടത്തുന്ന ആദ്യ ആക്രമണമാണിത്. യുഎസ് താവളങ്ങളൊന്നും തങ്ങൾക്ക് അപ്രാപ്യമല്ലെന്ന സൂചനയാണ് ഇറാൻ ആക്രമണത്തിലൂടെ നൽകിയത്. ഡീഗോ ഗാർഷ്യയിൽ നിന്നുള്ള കപ്പൽ വ്യൂഹം എണ്ണ സംഭരണകേന്ദ്രങ്ങളെ തുടർച്ചയായി ലക്ഷ്യമിടുന്നതിനുള്ള പ്രത്യാക്രമണമായിരുന്നു ഇറാന്റേത്. ഇത്തരത്തിൽ അപ്രതീക്ഷിതവും ശക്തവുമായ ആക്രമണം ഇറാൻ തുടരുമ്പോഴാണ്‌ ഇറാന്റെ മിസെെലുകളെ നിയന്ത്രിക്കാനായെന്ന് യുഎസ് വീമ്പ് പറയുന്നത്.


അതേ സമയം തന്നെ ​ഗൾഫ് രാജ്യങ്ങള‍െ യുദ്ധമുഖത്തേക്കിട്ടുകൊടുത്ത ട്രംപ് ​ഗൾഫ് രാജ്യങ്ങളെ സുരക്ഷിതമാക്കിയെന്നും പറയുന്നു. യുദ്ധം എങ്ങനെയങ്കിലും അവസാനിപ്പിച്ച് അമേരിക്കൻ സാമ്പത്തിക സ്ഥിതി കുടൂതൽ തകർച്ചയിലേക്ക് പോകാതിരിക്കാനും എണ്ണവില ഉയർന്നതോടെ ഓഹരി വിപണി കൂടുതൽ കൂപ്പുകുത്താതിരിക്കാനുമാണ് ​ഗൾഫ് രാജ്യങ്ങളെ സംരക്ഷിച്ചുവെന്നും ഇറാനെ നിയന്ത്രിച്ചുവെന്നും ട്രംപ് ന്യായവാദം നിരത്തുന്നത്.


തങ്ങളെ സംരക്ഷിക്കുന്നതിനായി സെെനിക താവളങ്ങൾ നിർമിക്കാൻ യുഎസിന് അനുമതി നൽകിയ ​ഗൾഫ് രാജ്യങ്ങൾ ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ഈ തീരുമാനത്താലായിരുന്നു. അമേരിക്ക തങ്ങളുടെ തന്ത്രപ്രധാന സെെനിക നീക്കങ്ങൾക്കായി ഗൾഫ് മേഖലയെ ദുരുപയോ​ഗം ചെയ്യുകയും മുതലെടുക്കുകയും ചെയ്തതിന് പിന്നാലെ ഇറാനിൽ‌ നിന്നുമുള്ള നിരന്തര ആക്രമണമാണ് ജിസി‌സി രാജ്യങ്ങൾക്ക് നേരിടേണ്ടി വന്നത്.


യുഎഇ, സൗദി, ഒമാൻ അടക്കമുള്ള രാജ്യങ്ങളിൽ ഇറാന്റെ മിസെെൽ ആക്രമണത്തിൽ ഒറ്റപ്പെട്ടതാണെങ്കില്‍ കൂടി ആളുകൾ മരിച്ചതിന് പിന്നാലെ അമേരിക്ക വൻ പ്രതിരോധത്തിലായിരുന്നു. ഇസ്രയേൽ സമ്മർദ്ദത്തിന്റെ കൂടി അടിസ്ഥാനത്തിൽ‌ ഇറാനെതിരെ യുദ്ധത്തിനിറങ്ങി പുറപ്പെട്ട അമേരിക്കയ്ക്ക് രണ്ട് തരത്തിലാണ് തിരിച്ചടി നേരിട്ടത്. നേരിട്ട് യുഎസിനെ ആക്രമിക്കാൻ കഴിയാതെ വന്നതിനാൽ ജിസിസി രാഷ്ട്രങ്ങളെ ആക്രമിച്ച് അവിടെയുള്ള അമേരിക്കയുടെ വൻ സാമ്പത്തിക നിക്ഷേപങ്ങളും സെെനിക താവളങ്ങളും ഇറാനെതിരായ യുദ്ധം: ട്രംപിന്റെ പിൻവാങ്ങൽ ആലോചനയ്ക്ക് പിന്നിൽതകർക്കുക. അതുവഴി സമാധാനമായി എക്കാലവും ജീവിച്ചുപോന്നു എന്ന ഖ്യാതിയുള്ള ജിസിസി രാഷ്ട്രങ്ങളെ യുദ്ധഭീതിയിൽ‌ കൊണ്ടെത്തിക്കുക. ഇതിനുള്ള പഴി അമേരിക്കയുടെ തലയിൽ വച്ച് കൊടുക്കുക തുടങ്ങിയ രാഷ്ട്രീയ നയതന്ത്ര നീക്കങ്ങളായിരുന്നു ഇറാൻ നടത്തിയത്.


ഒരു സമയത്ത് ജനവാസ മേഖലയിലേക്ക് പോലും ഇറാന്റെ ആക്രമണം ഉണ്ടാകുന്ന സ്ഥിതി പോലുമുണ്ടായി. ഇതെല്ലാം ബാധിക്കുന്നത് തങ്ങളെ സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകി, സെെനിക താവളം പണിത അമേരിക്കയ്ക്കെതിരെ തന്നെയായിരുന്നു. യുദ്ധം കൂടുതൽ കനത്താൽ ഹോർമുസ് കടലിടുക്ക് വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നടക്കം വലിയ വിമർശനം ഏറ്റുവാങ്ങിയ അമേരിക്കയുടെ സ്ഥിതി കൂടുതൽ പരുങ്ങലിലാകും.


വിവിധ രാജ്യങ്ങളോട് യുദ്ധക്കപ്പലുമായി ഹോർമുസിൽ എത്താനും ഒപ്പം നാറ്റോ രാജ്യങ്ങളോട് സഹായം അഭ്യർഥിക്കുകയും ചെയ്ത അമേരിക്കയ്ക്ക് ഒരു തരത്തിലുമുള്ള പിന്തുണ ലഭിക്കാത്ത സാഹചര്യമായിരുന്നു ഉണ്ടായത്. തുടർന്ന് നാറ്റോ രാജ്യങ്ങളെ ഭീരുക്കളെന്ന് പോലും ട്രംപ് പറഞ്ഞു. ഒന്നിനും കഴിയാതെ വന്നപ്പോൾ ഹോർ‌മുസിലെ തടസം മാറാൻ ചെെനയുടെ സഹായവും അഭ്യർഥിച്ചു. സെെനിക നീക്കങ്ങൾ പൂർണമായി അവസാനിപ്പിക്കണമെന്നായിരുന്നു ചെെനയുടെ മറുപടി. ഇത്തരത്തിൽ‌ എല്ലാ തരത്തിലും തിരിച്ചടി നേരിട്ട അമേരിക്ക ഇനിയും യുദ്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ കാര്യമില്ല എന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പിൻവാങ്ങാൻ ആലോചിച്ചിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home