print edition ലക്ഷ്യം കാണാതെ ഓപ്പറേഷൻ എപിക് ഫ്യൂറി

വാഷിങ്‌ടൺ:
ഇറാനെതിരായ കടന്നാക്രമണം ഒരു മാസം പിന്നിടുമ്പോൾ ലക്ഷ്യങ്ങൾ പൂർത്തിയാക്കാതെ പിൻവാങ്ങാനൊരുങ്ങുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനായില്ലെങ്കിലും സൈനിക നടപടി ഉടൻ അവസാനിപ്പിക്കുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.
ഇറാന്റെ മിസൈൽ ശേഷി പൂർണമായും ഇല്ലാതാക്കുക എന്നതായിരുന്നു ഓപ്പറേഷൻ എപിക് ഫ്യൂറി എന്നുപേരിട്ട കടന്നാക്രണത്തിന്റെ ഒന്നാം ലക്ഷ്യമായ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്റെ 90 ശതമാനം മിസൈലുകളും നശിപ്പിച്ചുവെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ– -ഡ്രോൺ ആക്രമണങ്ങൾ ഇപ്പോഴും തുടരുന്നു.
ഇറാന്റെ പ്രതിരോധ വ്യവസായ മേഖല തകർക്കുക എന്ന രണ്ടാം ലക്ഷ്യവും പൂർണമായി വിജയിച്ചിട്ടില്ല.
നാവിക-വ്യോമ സേനകളെ തകർക്കുക എന്ന ലക്ഷ്യത്തിൽ ഇറാന്റെ നിരവധി കപ്പലുകൾ നശിപ്പിക്കാൻ അമേരിക്കയ്ക്ക് സാധിച്ചു. എന്നാല്‍, അന്താരാഷ്ട്ര കപ്പല്‍ചാലായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോഴും ഇറാനാണ്. കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാന് ഇപ്പോഴും സാധിക്കുന്നു എന്നത് യുഎസിന്റെ പരാജയമാണ് കാണിക്കുന്നത്.
ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും ഇല്ലാതാക്കുക എന്നതായിരുന്നു മറ്റൊരു നിർണ്ണായക ലക്ഷ്യം. ഇസ്രയേൽ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെങ്കിലും ഇറാൻ സൂക്ഷിച്ചിരിക്കുന്ന വൻതോതിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നത് അമേരിക്കയ്‍ക്ക് വലിയ വെല്ലുവിളിയായി തുടരുന്നു. ഇത് സാധ്യമാകണമെങ്കില്‍ വൻതോതിൽ കരസേനയെ ഇറാനില്‍അയക്കേണ്ടി വരും. മധ്യേഷ്യൻ സഖ്യകക്ഷികളെ ഒറ്റക്കെട്ടായി നിര്‍ത്തി ഇറാനെതിരെ യുദ്ധ സന്നദ്ധരാക്കാമെന്ന തന്ത്രവും നടപ്പാക്കാനായില്ല.
ഇറാനിലെ ഭരണകൂടത്തെ മാറ്റിമറിക്കുക എന്നത് ഔദ്യോഗിക യുദ്ധലക്ഷ്യമായി അമേരിക്ക പ്രഖ്യാപിച്ചിരുന്നില്ല.
എന്നാല്‍ ഇറാന്റെ പരമോന്നത നേതാവിനെ വധിച്ചതിലൂടെ അത് സാധ്യമായെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഏറ്റവും ശക്തമായ രണ്ടാംനേതൃനിരയാണ് ഇപ്പോൾ ഇറാനെ നയിക്കുന്നത്. അവർ യുദ്ധം തുടങ്ങുന്നതിന് മുൻപുള്ളതിനേക്കാൾ ശക്തരുമാണ്. പശ്ചിമേഷ്യയെ ആകെ ഉലയ്ക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്ത യുദ്ധം, ലക്ഷ്യം നേടാനാകാതെ അവസാനിപ്പിക്കേണ്ടി വരുന്നത് ട്രംപിന് വന്‍ രാഷ്ട്രീയ വെല്ലുവിളിയാകും.










0 comments