ഇറാനുമായുള്ള യുദ്ധം അവസാനിച്ചാൽ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കണം; പശ്ചിമേഷ്യൻ മേഖലയിലെ രാജ്യങ്ങളോട് ട്രംപ്

ഡോണാൾഡ് ട്രംപ് | PHOTO: AFP
വാഷിങ്ടൺ : ഇറാനുമായി നിലവിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ യാഥാർത്ഥ്യമായാൽ, ഇസ്രായേലുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ പശ്ചിമേഷ്യൻ മേഖലയിലെ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച പ്രമുഖ പ്രാദേശിക നേതാക്കളുമായി നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ട്രംപ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. കരാർ ഉണ്ടായാൽ ഇസ്രായേലിനെ അംഗീകരിക്കാൻ ഇറാനും തയ്യാറായേക്കുമെന്ന് ട്രംപ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ സൂചിപ്പിച്ചു. എന്നാൽ, ട്രംപിന്റെ ഈ പുതിയ നിർദ്ദേശത്തോട് പ്രാദേശിക നേതാക്കൾ മൗനം പാലിച്ചതായാണ് റിപ്പോർട്ട്.
ഇറാൻ കരാറിലൂടെ ഇസ്രായേലിന് വലിയൊരു നയതന്ത്ര നേട്ടം ഉണ്ടാക്കിക്കൊടുക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, യുഎസ് മുന്നോട്ടുവെക്കുന്ന ഈ സമാധാന കരാറിനോട് ഇസ്രായേലിന് കടുത്ത ആശങ്കയും വിയോജിപ്പുമുണ്ട്. 60 ദിവസത്തെ വെടിനിർത്തൽ നീട്ടുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങിയ ഈ കരാർ, ഇസ്രായേലിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നിലവിലെ കരാർ ഇസ്രായേലിന്റെ താല്പര്യങ്ങളെ സംരക്ഷിക്കുന്നതല്ലെന്ന് ഇസ്രായേലിലെ ചാനൽ 12 കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇറാന്റെ ആണവപദ്ധതി, ബാലിസ്റ്റിക് മിസൈലുകൾ, മേഖലയിലെ വിവിധ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണ എന്നിവയെക്കുറിച്ച് കരാറിൽ പരിഹാരമില്ലെന്നാണ് ഇസ്രായേലിന്റെ പ്രധാന ആക്ഷേപം.
സൗദി അറേബ്യ, യുഎഇ, ഖത്തർ, പാകിസ്താൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, ബഹ്‌റൈൻ എന്നീ എട്ട് രാജ്യങ്ങളിലെ നേതാക്കളുമായാണ് ട്രംപ് ഫോണിൽ സംസാരിച്ചത്. ഇതിൽ സൗദി അറേബ്യ, ഖത്തർ, പാകിസ്താൻ എന്നീ രാജ്യങ്ങൾക്ക് നിലവിൽ ഇസ്രായേലുമായി നയതന്ത്രബന്ധമില്ല. മുൻപ് 2020ൽ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന അബ്രഹാം ഉടമ്പടി യിൽ ഒപ്പുവെച്ചത്. ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറുടെ മധ്യസ്ഥതയിലായിരുന്നു അന്ന് യുഎഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങൾ ഇസ്രായേലുമായി അടുത്തത്.
അബ്രഹാം ഉടമ്പടിയിലൂടെ ഇസ്രായേലിന് ലഭിച്ച ഏറ്റവും വലിയ നയതന്ത്ര നേട്ടം മേഖലയിലെ പ്രധാന വ്യാപാര-എണ്ണ ഹബ്ബായ യുഎഇയുമായുള്ള കരാറായിരുന്നു. അതിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക-സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കിയെങ്കിലും അടുത്തിടെ ഈ ബന്ധത്തിൽ വിള്ളലുകൾ വീണിട്ടുണ്ട്. പലസ്തീന്റെ അധീനതയിലുള്ള വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്രായേൽ കൈയേറുന്നത് അബ്രഹാം ഉടമ്പടിയുടെ ആത്മാവിനെ തകർക്കുന്ന റെഡ് ലൈൻ ആയിരിക്കുമെന്ന് യുഎഇ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.
മുൻപ് ഈ ഉടമ്പടി ഒപ്പുവെച്ച സമയത്ത്, പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിൽ യാതൊരു പുരോഗതിയും ഉറപ്പാക്കാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചത് അറബ് രാജ്യങ്ങൾ തങ്ങളെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്ന് പലസ്തീൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ട്രംപിന്റെ പുതിയ നിർദ്ദേശത്തോട് കൂടുതൽ രാജ്യങ്ങൾ കടുത്ത നിബന്ധനകളോടെ സഹകരിക്കുമോ പൂർണമായി വിട്ടുനിൽക്കുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.










0 comments