ഇന്ത്യ അവരുടെ കാര്യം നോക്കട്ടെ, ആപ്പിൾ സിഇഒയ്‌ക്ക് താക്കീതുമായി ഡോണൾഡ് ട്രംപ്


എൻ എ ബക്കർ
Published on May 15, 2025, 05:36 PM | 3 min read
ദോഹ: ഇന്ത്യയിൽ ആപ്പിൾ തങ്ങളുടെ നിർമ്മാണ ഫാക്ടറികൾ സ്ഥാപിക്കുന്നതിനെതിരെ താക്കീതുമായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കോളുമെന്നും ആപ്പിൾ സിഇഒ ടിം കുക്കിനെ ട്രംപ് ഓർമ്മപ്പെടുത്തി. ഇന്ത്യയിൽ കൂടുതൽ പ്ലാന്റുകൾ ആരംഭിക്കാനുള്ള ആപ്പിളിന്റെ നീക്കം മുൻനിർത്തി ദോഹയില്‍ നടന്ന ബിസിനസ് മീറ്റിലാണ് ട്രംപ് താക്കീതുമായി എത്തിയത്.
എനിക്ക് ആപ്പിളിന്റെ ടിം കുക്കുമായി ചെറിയ പ്രശ്‌നമുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് തുടക്കം. “ഞാന്‍ നിങ്ങളോട് വളരെ നല്ലരീതിയിലാണ് പെരുമാറുന്നത്. നിങ്ങള്‍ അഞ്ഞൂറ് ബില്യൺ ഡോളറാണ് കൊണ്ടുവരുന്നത്. എന്നാല്‍, നിങ്ങൾ ഇന്ത്യയിൽ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നിങ്ങള്‍ ഇന്ത്യയില്‍ ഉത്പാദനം നടത്തേണ്ടതില്ല. നിങ്ങള്‍ ഇന്ത്യയെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് അവിടെ ഉത്പാദനം നടത്താം” എന്നായിരുന്നു ആപ്പിളിനെതിരായ വാക്കുകൾ.
“I said to him, my friend, I am treating you very good. You are coming up with $500 billion, but now I hear you are building all over India. I don’t want you building in India. You can build in India, if you want to take care of India because India is one of the highest tariff nations in the world, so it is very hard to sell in India,”
“ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീരുവ ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയില്‍ കച്ചവടം നടത്തുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. ആപ്പിള്‍ ചൈനയിൽ ഇത്രയും കാലം ഉത്പാദനം നടത്തി. അത് ഞങ്ങൾ ക്ഷമിച്ചു. എന്നാല്‍ ഇന്ത്യയില്‍ നിങ്ങള്‍ പ്ലാന്റുകള്‍ നിര്‍മിക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഇന്ത്യക്കാരുടെ കാര്യം അവര്‍തന്നെ നോക്കട്ടെ” എന്നും ട്രംപ് പറഞ്ഞു വെച്ചു.
അമേരിക്ക ചൈനയ്ക്ക് മേൽ ചുമത്തിയത് ഉൾപ്പെടെയുള്ള പ്രതികാര ചുങ്കം താത്കാലികമായി പിൻവലിച്ചിരിക്കയാണ്. ചുങ്കക്കലി അമരിക്കയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമായിരുന്നു.
ഇന്ത്യയുമായി ബന്ധപ്പെടുത്തി വിവാദ പ്രസ്താവന
ചുങ്കം ഏർപ്പെടുത്തിയതോടെ ഇന്ത്യ അമേരിക്ക ചർച്ച നടന്നിരുന്നു. ഇതിന് തുടർച്ചയായുള്ള പ്രതികരണവും ട്രംപ് ഖത്തറിൽ നടത്തി. യുഎസ് ഉല്‍പന്നങ്ങള്‍ക്ക് യാതൊരു തീരുവയും ഈടാക്കില്ലെന്ന് ഇന്ത്യ സമ്മതിച്ചതായി അവകാശപ്പെട്ടു. ഇന്ത്യ പാക് വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിലെ പങ്കാളിത്തം അവകാശപ്പെട്ട ട്രംപ് വെടിനിർത്തൽ ധാരണയ്ക്ക് മധ്യസ്ഥത വഹിക്കാൻ വ്യാപാരത്തെ ഒരു വിലപേശൽ ചിപ്പായി ഉപയോഗിച്ചുവെന്ന് അവകാശപ്പെട്ടിരുന്നു. ഇക്കാര്യം ഇന്ത്യ നിഷേധിച്ചിരുന്നെങ്കിലും വീണ്ടും പ്രതികാര ചുങ്കവുമായി ബന്ധപ്പെട്ട ചർച്ചയിലേക്ക് ട്രംപ് ഇതിനെ എത്തിച്ചിരിക്കയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറ്റ് ഹൗസ് സന്ദർശനത്തിന് ശേഷം യുഎസുമായി വ്യാപാര ചർച്ചകൾ ആരംഭിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരുമായി ചർച്ചകൾ തുടരുന്നതിനായി ഇന്ത്യയുടെ വാണിജ്യ മന്ത്രി മെയ് 17 മുതൽ 20 വരെ യുഎസ് സന്ദർശനത്തിനായി പുറപ്പെടാനിരിക്കയാണ്.

ആപ്പിളിന്റെ ചുവട് മാറ്റവും പ്രതികാര ചുങ്കവും
തങ്ങളുടെ ഉല്‍പാദനം ചൈനയില്‍നിന്ന് മാറ്റാനും ഇന്ത്യയില്‍ കൂടുതല്‍ പ്ലാന്റുകള്‍ ആരംഭിക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനും ആപ്പിള്‍ തീരുമാനിച്ചത് പ്രതികാര ചുങ്കത്തിന് തുടർച്ചയായായിരുന്നു. യുഎസ് തീരുവ വന്‍തോതില്‍ വര്‍ധിപ്പിച്ച സാഹചര്യത്തിൽ അവരുടെ ഉത്പന്നങ്ങൾ ഭീഷണി നേരിട്ടിരുന്നു. ഇറക്കുമതി നിയന്ത്രിക്കപ്പെടുകയും അമിത നികുതി വില വർധന ഉണ്ടാക്കുന്നതോടെ മാർക്കറ്റിൽ പരാജയപ്പെടുകയും ചെയ്യും എന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ആപ്പിളിന്റെ നീക്കം. ഇതിനെതിരേയാണ് ട്രംപ് ഇപ്പോള്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഇറക്കുമതിച്ചുങ്കം മറികടക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ആപ്പിളിന്റെ ആഭിമുഖ്യത്തിലുള്ള ചെന്നൈയിലെ സഹകരണ സംരംഭങ്ങളായ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലും പെഗാട്രോണിലും ഐഫോണ്‍ ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. 20 ശതമാനം വരെ വർധന വരുത്തി. മാത്രമല്ല 600 ടണ്‍ ഐഫോണുകൾ യുഎസിലേക്ക് കയറ്റി അയച്ചതായും വിവരങ്ങൾ പുറത്തു വന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 12 മാസത്തിനുള്ളിൽ ഇന്ത്യയുടെ കമ്പനിയുടെ അസംബ്ലി ലൈനുകൾ 22 ബില്യൺ ഡോളറിന്റെ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി. മുൻ വർഷത്തെ അപേക്ഷിച്ച് യുഎസ് ആസ്ഥാനമായുള്ള കമ്പനി ഇന്ത്യയിൽ 60 ശതമാനം കൂടുതൽ ഐഫോണുകൾ നിർമ്മിച്ചു എന്ന് കണക്കുകൾ പുറത്തു വന്നു.
ഐഫോണിന്റെ 90 ശതമാനം ഉത്പാദനവും ചൈനയിലാണ്. ഇന്ത്യയ്ക്ക് 26 ശതമാനമാണ് പ്രതികാര ചുങ്കം പ്രഖ്യാപിച്ചിരുന്നത്. പക്ഷെ ചൈനയ്ക്ക് 125 ശതമാനം ഇറക്കുമതിച്ചുങ്കമാണ് പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയിൽ ഉത്പാദനം വർധിപ്പിച്ച് പ്രതിസന്ധി മറികടക്കാൻ കമ്പനി ശ്രമിക്കയായിരുന്നു. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ട്രംപ് പരസ്യമായി തന്നെ പുതിയ ഭീഷണി പുറത്ത് വിട്ടത് എന്നാണ് വിലയിരുത്തൽ.
മെയ് 15 ന് പുറത്തിറക്കിയ ഈ പ്രസ്താവന, പ്രതികാര ചുങ്കത്തെ തുടർന്ന് വിട്ടുപോയ അമേരിക്കൻ ബിസിനസ് നിക്ഷേപങ്ങളെ ആഭ്യന്തര മണ്ണിലേക്ക് തിരികെ കൊണ്ടുവരാനുള്ള പരിഭ്രാന്തമായ നീക്കമായും കാണുന്നു.

ഖത്തറിൽ നേടിയത് ആയുധ കരാർ
ഖത്തറിലെ ട്രംപിന്റെ സന്ദർശനം 243.5 ബില്യൺ ഡോളറിന്റെ ഭീമമായ വ്യാവസായിക ഇടപാടാണ് കയ്യിലാക്കിയത്. ബോയിംഗിൽ നിന്ന് ഖത്തർ എയർവേയ്‌സ് വൈഡ്‌ബോഡി വിമാനങ്ങൾ വാങ്ങുന്നതിനുള്ള സർവ്വകാല റെക്കോർഡ് ഓർഡർ ഒപ്പുവെച്ചു.
ഊർജ്ജം, പ്രതിരോധം, സാങ്കേതിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത എന്നിവ ഈ കരാറിൽ ഉൾപ്പെടുത്തി ഖത്തറിനെ ആയുധ പങ്കാളിയുമാക്കി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുമായും ഖത്തറിന്റെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായും ഇവിടെ വെച്ച് ചർച്ചകൾ നടത്തിയിരുന്നു.









0 comments