ad
Deshabhimani

ഇറാന്റെ ആണവശേഷി നശിപ്പിക്കാനായോ ; ഇല്ലെന്ന് പെന്റഗൺ, തള്ളി ട്രംപ്‌

donald trump
വെബ് ഡെസ്ക്

Published on Jun 26, 2025, 03:50 AM | 1 min read


വാഷിങ്‌ടൺ

ഇറാന്റെ ആണവശേഷി പൂർണമായും തകർത്തെന്ന പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ അവകാശവാദം പൊള്ളയെന്ന്‌ അമേരിക്കയുടെതന്നെ പ്രതിരോധ ഇന്റലിജൻസ്‌ ഏജൻസി. ശനിയാഴ്‌ച അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ സാരമായ കേടുപാടുകൾ ഉണ്ടാക്കാനായെങ്കിലും ഇറാന്റെ സമ്പുഷ്‌ട യുറേനിയം ശേഖരമോ സമ്പുഷ്‌ടീകരണ സംവിധാനങ്ങളോ പൂർണമായും നശിപ്പിക്കാനായില്ലെന്ന്‌ പെന്റഗൺ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ആണവപദ്ധതിയെ ഏതാനും മാസം പിന്നോട്ടടിപ്പിക്കാൻ മാത്രമേ അമേരിക്കയ്‌ക്ക്‌ സാധിച്ചിട്ടുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്. പ്രതിരോധ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരിൽ ചിലർ മാധ്യമങ്ങളോട്‌ നടത്തിയ വെളിപ്പെടുത്തലാണ്‌ അമേരിക്കയ്‌ക്ക്‌ നാണക്കേടായത്‌. എന്നാൽ, റിപ്പോർട്ട്‌ പൂർണമായും വ്യാജമാണെന്നും ഇറാന്റെ ആണവശേഷി പൂർണമായും തകർത്തെന്നും ട്രംപ്‌ പ്രതികരിച്ചു.

ഇറാന്റെ ഫോർദോ, നതാൻസ്‌, ഇസ്‌ഫഹാൻ എന്നിവിടങ്ങളിലെ യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രങ്ങളിലേക്കാണ്‌ അമേരിക്ക ആക്രമണം നടത്തിയത്‌.


ഭൂഗർഭകേന്ദ്രമായ ഫോർദോയുടെ പ്രവേശനകവാടം തകർന്നു. മറ്റ്‌ കേടുപാടുകൾ പരിഹരിക്കാൻ സമയമെടുക്കും. ആക്രമണത്തിനുമുന്നേ ഫോർദോയടക്കമുള്ള കേന്ദ്രങ്ങളിൽനിന്ന്‌ ഇറാൻ സമ്പുഷ്‌ട യുറേനിയം ശേഖരം സുരക്ഷിതമായി മാറ്റിയിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.


പ്രമുഖ പത്രങ്ങളിലടക്കം വന്ന വാർത്ത ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനികനടപടിയെ താറടിച്ചുകാട്ടാനാണെന്ന്‌ ട്രംപ്‌ പ്രതികരിച്ചു. പ്രസിഡന്റിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണിതെന്ന് വൈറ്റ്‌ ഹൗസ്‌ ആരോപിച്ചു. രണ്ട്‌ ഇറാൻ പൗരർ ആണവകേന്ദ്രത്തിലെത്തി പരിശോധിച്ചെന്നും, പൂർണമായി തകർന്നതായി തന്നെ അറിയിച്ചെന്നും ട്രംപ്‌ ഹേഗിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. 1945ൽ അമേരിക്ക ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ നടത്തിയ ബോംബാക്രമണം യുദ്ധം അവസാനിപ്പിച്ചു. സമാനരീതിയിൽ ഇറാനിലെ അമേരിക്കൻ ബോംബാക്രമണവും യുദ്ധം അവസാനിപ്പിച്ചു. ഇറാന്റെ ആണവപദ്ധതികളെ അമേരിക്ക പതിറ്റാണ്ടുകൾ പിന്നിലാക്കിയെന്ന്‌ അവകാശപ്പെട്ട ട്രംപ്‌, ഇറാൻ വീണ്ടും ആണവായുധം നിർമിക്കാൻ ശ്രമിച്ചാൽ വീണ്ടും ആക്രമിക്കുമെന്നും പറഞ്ഞു.


ഇറാന്റെ ആണവശേഷി തുടച്ചുനീക്കിയെന്ന്‌ മുമ്പ്‌ പറഞ്ഞിരുന്ന അമേരിക്ക, ആണവപദ്ധതിയെ ദുർബലപ്പെടുത്താനായെന്ന്‌ മാത്രമാണ്‌ കഴിഞ്ഞദിവസം യുഎൻ രക്ഷാസമിതിയെ അറിയിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home