രാജാവ് ചാൾസ് മൂന്നാമന്‍ പിന്നില്‍; ബ്രിട്ടണിലെ ആദ്യ കോടീശ്വര കായികതാരമായി ഡേവിഡ് ബെക്കാം

ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും | image: fox news
ലണ്ടൻ : ബ്രിട്ടണിലെ ആദ്യ കോടീശ്വര കായികതാരമായി ഡേവിഡ് ബെക്കാം. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനെയും പിന്നിലാക്കിക്കൊണ്ടാണ് ബെക്കാം കുടുംബത്തിന്റെ ഈ നേട്ടം.
ദി മെട്രോയുടെ റിപ്പോർട്ടനുസരിച്ച് ഇംഗ്ലണ്ട് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെയും മുൻ സ്‌പൈസ് ഗേൾസ് താരമായ ഭാര്യ വിക്ടോറിയ ബെക്കാമിന്റെയും കുടുംബ സ്വത്ത് 1.185 ബില്യൺ പൗണ്ട് കടന്നു. ഇന്ത്യൻ രൂപ 15,000 കോടിക്കു മുകളിലാണ് ഇത്. 680 മില്യൺ പൗണ്ടാണ് ചാൾസ് മൂന്നാമന്റെ ആസ്തിയെന്നാണ് റിപ്പോർട്ട്. അതായത് 8696 കോടി രൂപ. ഫുട്ബോൾ കരിയറിനു ശേഷം ബിസിനസ് മേഖലയിലേക്കുകൂടെ കടന്ന ബെക്കാമിന് അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിയിലെ ഓഹരി, പ്രമുഖ ബ്രാന്റുകളുമായുള്ള കരാറുകൾ, നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി, ഫാഷൻ - ബ്യൂട്ടി ബ്രാന്റുകൾ എന്നിവയിൽ നിന്നുള്ള വരുമാനം സാമ്പത്തിക വളർച്ചയ്ക്ക് സഹായിച്ചു.
ഭാര്യ വിക്ടോറിയ ബെക്കാമിന്റെ ഫാഷൻ ബിസിനസുകളും ആസ്തിയിലെ വളർച്ചയ്ക്ക് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. സ്‌പൈസസ് ഗേൾസ് എന്ന ബാൻഡിലെ മുൻ ഗായികയായിരുന്ന വിക്ടോറിയ ആഡംബര ഫാഷൻ ബ്രാന്റിന്റെ ഉടമയാണ്. മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ക്യാപ്റ്റനായിരുന്ന ബെക്കാം മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, എൽഎ ഗാലക്‌സി, പാരിസ് സെന്റ് ജർമൻ എന്നീ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.










0 comments