ഇന്ധന വിപണിയിൽ തീപ്പൊരി: അസംസ്കൃത എണ്ണ ബാരലിന് 10,888 രൂപ, ഇന്ന് മാത്രം 300 രൂപയുടെ വര്‍ധന

മുംബൈ: ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ കലുഷിതമായി തുടരുന്നതിനിടെ അസംസ്കൃത എണ്ണ വില പുതിയ റെക്കോർഡിലെത്തി. ഇന്ത്യയിലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) ഒരു ബാരൽ എണ്ണയുടെ വില 10,888 രൂപ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ കടുത്ത നീക്കങ്ങൾക്ക് തുടക്കമിടുന്നതും ഹോർമുസ് കടലിടുക്കിലെ തുടരുന്ന പ്രതിസന്ധിയും ചേര്‍ന്ന് വില വര്‍ധനവ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിൽ എത്തിച്ചിരിക്കുന്നു.
ഇതിനിടെ ഇറാാനിലെ പെട്രോകെമിക്കൽ പ്ലാന്റുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും വര്‍ധനവിന് ആക്കം കൂട്ടി. ബ്രെന്റ് ക്രൂഡ് ഓയിലിനെയും കടന്ന് ഡബ്ല്യു ടി ഐ മുകളിലെത്തിയത് വിപണിയിലെ വ്യത്യസ്തമായ പ്രവണതയായി റിപ്പോര്‍ട് ചെയ്യപ്പെടുന്നു.
ബ്രെന്റ് ക്രൂഡ് (Brent Crude) വടക്കൻ കടലിലെ (North Sea) എണ്ണപ്പാടങ്ങളിൽ നിന്നാണ് മുഖ്യമായും ലഭിക്കുന്നത്. ഇത് കടലിൽ നിന്ന് ഖനനം ചെയ്യുന്നതിനാൽ കപ്പലുകൾ വഴി ലോകത്തിന്റെ ഏത് ഭാഗത്തേക്കും എത്തിക്കാൻ എളുപ്പമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും യുറോപ്യൻ രാജ്യങ്ങളിലും വാങ്ങുന്ന എണ്ണയുടെ വില നിശ്ചയിക്കുന്നത് പ്രധാനമായും ബ്രെന്റ് ക്രൂഡിനെ അടിസ്ഥാനമാക്കിയാണ്.
ഡബ്ല്യു ടി ഐ (WTI - West Texas Intermediate) അമേരിക്കയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് ലഭിക്കുന്ന അസംസ്കൃത എണ്ണയാണിത്. പ്രധാനമായും അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് നിന്ന്. ബ്രെന്റ് ഓയിലിനേക്കാൾ അല്പം കൂടി ഗുണമേന്മയുള്ളതും ശുദ്ധീകരിക്കാൻ എളുപ്പമുള്ളതുമായതിനാൽ ഇതിനെ 'സ്വീറ്റ് ക്രൂഡ്' എന്ന് വിളിക്കുന്നു.അമേരിക്കയിലെ ഇന്ധനവില നിശ്ചയിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണ അളക്കുന്നത് 'ബാരൽ' കണക്കിനാണ്. ഒരു ബാരൽ = ഏകദേശം 159 ലിറ്റർ.
ലോകത്തെ മൊത്തം എണ്ണക്കച്ചവടത്തിന്റെ 70 ശതമാനവും 'ബ്രെന്റ്' വിലയെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. അതിനാൽ മിഡിൽ ഈസ്റ്റിലോ യൂറോപ്പിലോ എവിടെ സംഘർഷം ഉണ്ടായാലും ബ്രെന്റ് വില പെട്ടെന്ന് ഉയരും. ഗുണമേന്മയിൽ WTI മുന്നിലാണെങ്കിലും, ലോകമെമ്പാടുമുള്ള എണ്ണക്കച്ചവടത്തിന് 'ബ്രെന്റ്' മാനദണ്ഡമായി ഉപയോഗിക്കുന്നതിനാലാണ് അതിന് പലപ്പോഴും വില കൂടി നിൽക്കുന്നത്.
WTI പ്രധാനമായും അമേരിക്കൻ വിപണിയെയാണ് പ്രതിനിധീകരിക്കുന്നത്. അമേരിക്കയിൽ എണ്ണ ഉൽപ്പാദനം കൂടുമ്പോൾ WTI വില കുറയാറുണ്ട്. ഇപ്പോൾ ബ്രന്റിനെയും കടന്ന് വിലവര്‍ധിച്ചത് അമേരിക്കയുടെ വ്യപാര തന്ത്രത്തിന്റെ ഭാഗമാണെന്നും വിലയിരുത്തലുകൾ ഉണ്ട്.
അന്താരാഷ്ട്ര വിപണി- ഏപ്രിൽ 7
WTI ക്രൂഡ് (അമേരിക്ക): ഒരു ബാരലിന് ഏകദേശം 116.55 ഡോളർ
ബ്രെന്റ് ക്രൂഡ് (ലണ്ടൻ/യൂറോപ്പ്): ഒരു ബാരലിന് ഏകദേശം 111.40 ഡോളർ
നിലവിൽ ഡബ്ല്യു ടി ഐ എണ്ണയ്ക്ക് ബ്രെന്റിനേക്കാൾ ഏകദേശം 5 ഡോളറിലധികം വില കൂടുതലാണ്.
ഇന്ത്യൻ വിപണി
ഇന്ത്യയിലെ കമ്മോഡിറ്റി മാർക്കറ്റിൽ എണ്ണ വില റെക്കോർഡ് ഉയരത്തിലാണ്: ഏപ്രിൽ ഫ്യൂച്ചേഴ്സ്: ഒരു ബാരലിന് 10,888 രൂപ. (ഇന്ന് മാത്രം 300 രൂപയുടെ വർധനവ്). മെയ് ഫ്യൂച്ചേഴ്സ്: ഒരു ബാരലിന് 9,485 രൂപ.
റഷ്യയുടെ വിലക്കി, ഗൾഫ് മാര്‍ഗ്ഗം അടച്ചു
സംഘർഷം കാരണം വരും ദിവസങ്ങളിൽ എണ്ണ കിട്ടാനുണ്ടാകില്ലെന്നും അല്ലെങ്കിൽ വില വല്ലാതെ കൂടുമെന്നും വ്യാപാരികൾ ഭയപ്പെടുന്നു. ഈ ഭയം കാരണം എല്ലാവരും ഇപ്പോൾ തന്നെ ഭാവിയിലേക്കുള്ള കരാറുകൾ (Futures) വലിയ വില കൊടുത്ത് വാങ്ങി വെക്കാൻ ശ്രമിക്കുന്നതാണ് ഏപ്രിൽ ഫ്യൂച്ചേഴ്സ് റെക്കോർഡ് ഉയരത്തിലെത്താൻ കാരണം. ഇതാവട്ടെ അന്താരാഷ്ട്ര സാഹചര്യങ്ങളാൽ ഉണ്ടാവുന്നതുമാണ്.
ഏഷ്യൻ രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് ഇന്ത്യ, ചൈന, ജപ്പാൻ രാജ്യങ്ങളിലെ എണ്ണവില നിശ്ചയിക്കുന്ന പ്രധാന മാനദണ്ഡം ദുബായ്/ഒമാൻ ക്രൂഡ് (Dubai/Oman Crude) ആണ്. ബ്രെന്റ് (Brent), ഡബ്ല്യു.ടി.ഐ (WTI) എന്നിവയേക്കാൾ അല്പം കൂടി സൾഫർ അടങ്ങിയ എണ്ണയാണിത്. ഇതിനെ 'സോർ ക്രൂഡ്' - Sour Crude എന്ന് വിളിക്കുന്നു. ഇന്ത്യയിലെ ഭൂരിഭാഗം എണ്ണ ശുദ്ധീകരണ ശാലകളും (Refineries) രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇത്തരത്തിലുള്ള എണ്ണ ശുദ്ധീകരിക്കാനാണ്.
അമേരിക്കയിൽ നിന്നോ നോർത്ത് സീയിൽ നിന്നോ എണ്ണ വരുന്നതിനേക്കാൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കപ്പൽ മാർഗ്ഗം ഇന്ത്യയിലേക്ക് എണ്ണ എത്താൻ എളുപ്പവും ചെലവ് കുറവുമാണ്. സൗദിയിലെയും ഇറാനിലെയും ഈ എണ്ണ വില ഇന്ത്യയെ നേരിട്ട് ബാധിക്കുന്നത് ഈ സാഹചര്യത്തിലാണ്. റഷ്യൻ എണ്ണ ഇപ്പോഴും അമേരിക്കൻ നിയന്ത്രണത്തിൽ നിന്നും പൂര്‍ണ്ണമായി മുക്തവുമല്ല.











0 comments