എബോള വ്യാപനത്തിനിടയിലും ബുനിയ വിമാനത്താവളം തുറന്ന് കോംഗോ; നിരീക്ഷണം ശക്തമാക്കി ലോകാരോഗ്യ സംഘടന

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് വ്യാപനം തുടരുന്നതിനിടയിലും ബുനിയ വിമാനത്താവളം സർക്കാർ വീണ്ടും തുറന്നു. കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയുടെ തലസ്ഥാനമായ ബുനിയയിലെ വിമാനത്താവളമാണ് സർവീസുകൾക്കായി പുനഃസ്ഥാപിച്ചത്.
എബോള പ്രതിരോധ പ്രവർത്തനങ്ങൾക്കും മെഡിക്കൽ സാമഗ്രികൾ എത്തിക്കുന്നതിനും വിമാനത്താവളത്തിന്റെ പ്രവർത്തനം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോംഗോ വ്യോമയാന മന്ത്രാലയത്തിന്റെ ഈ അടിയന്തര നടപടി.
എബോളയുടെ പശ്ചാത്തലത്തിൽ വിമാനത്താവളം അടച്ചിട്ടത് അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും യാത്രാ സൗകര്യങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ബാധിച്ചതായി പരാതി ഉയർന്നിരുന്നു.
ഇതേത്തുടർന്നാണ് കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടെ വിമാനത്താവളം തുറക്കാൻ അധികൃതർ തയ്യാറായത്. വിമാനത്താവളം തുറന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ കടുത്ത നിയന്ത്രണങ്ങളും പരിശോധനകളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വിമാനത്താവളത്തിൽ എത്തുന്നതും പോകുന്നതുമായ എല്ലാ യാത്രക്കാരെയും കർശനമായ തെർമൽ സ്ക്രീനിങ്ങിന് വിധേയരാക്കും. യാത്രക്കാരുടെ ശരീരതാപനില പരിശോധിക്കുന്നതിനൊപ്പം എബോള ലക്ഷണങ്ങളായ പനി, കടുത്ത തലവേദന, പേശി വേദന എന്നിവയുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക മെഡിക്കൽ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
സംശയകരമായ ലക്ഷണങ്ങൾ കാണിക്കുന്നവരെ ഉടനടി മാറ്റിപ്പാർപ്പിക്കുന്നതിനായി വിമാനത്താവളത്തിന് സമീപം പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങളും സജ്ജമാക്കി. ബുനിയ വിമാനത്താവളം വീണ്ടും തുറന്നത് കോംഗോയിലെ എബോള ബാധിത പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന അന്താരാഷ്ട്ര ആരോഗ്യ പ്രവർത്തകർക്ക് വലിയ ആശ്വാസമാകും.
പ്രതിരോധ വാക്സിനുകൾ, ജീവൻരക്ഷാ മരുന്നുകൾ, പിപിഇ കിറ്റുകൾ എന്നിവ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ ഇനി സാധിക്കും. നിലവിൽ കോംഗോയിൽ എബോള വ്യാപനം നിയന്ത്രണവിധേയമാക്കാൻ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രതിരോധ കുത്തിവെയ്പ്പുകളും ബോധവൽക്കരണ പരിപാടികളും നടന്നു വരികയാണ്. അയൽരാജ്യങ്ങളായ ഉഗാണ്ട, റുവാണ്ട തുടങ്ങിയ രാജ്യങ്ങളും അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.










0 comments