കൊളംബിയയിൽ ഖനി സ്ഫോടനം: ഒമ്പത് തൊഴിലാളികൾ മരിച്ചു

കൊളംബിയയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടന സ്ഥലം അഗ്നിശമന സേനാംഗങ്ങൾ പരിശോധിക്കുന്നു | Photo Credit: AFP
ബൊഗോട്ട : കൊളംബിയയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 72 കിലോമീറ്റർ അകലെയുള്ള സുതാതൗസ മുനിസിപ്പാലിറ്റിയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ഖനിക്കുള്ളിൽ മീഥെയ്ൻ വാതകം അടിഞ്ഞുകൂടിയതാണ് സ്ഫോടനത്തിന് കാരണമായതെന്ന് നാഷണൽ മൈനിംഗ് ഏജൻസി സ്ഥിരീകരിച്ചു.
കാർബോണറ ലോസ് പിനോസ് എന്ന കമ്പനി നിയമപരമായി പ്രവർത്തിപ്പിക്കുന്ന ലാ സിസ്കുഡ ഖനിയിലാണ് ദുരന്തമുണ്ടായത്. സ്ഫോടനം നടക്കുമ്പോൾ തൊഴിലാളികൾ ഭൂനിരപ്പിൽ നിന്ന് ഏകദേശം 600 മീറ്റർ താഴ്ചയിലായിരുന്നു. 15 തൊഴിലാളികളാണ് ഖനിക്കുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ സ്വന്തം നിലയിൽ രക്ഷപ്പെട്ടപ്പോൾ ആറ് പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏപ്രിൽ 9ന് ദുരന്തം നടന്ന ഖനിയിൽ നാഷണൽ മൈനിംഗ് ഏജൻസി പരിശോധന നടത്തിയിരുന്നു. മീഥെയ്ൻ ഉൾപ്പെടെയുള്ള മാരക വാതകങ്ങൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്നും സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നും ഏജൻസി കമ്പനിക്ക് കർശന നിർദേശം നൽകിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ മുന്നറിയിപ്പുകൾ നൽകി ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഒമ്പത് പേരുടെ ജീവനെടുത്ത ദുരന്തം സംഭവിച്ചത്.
വാതകത്തിന്റെ അളവ് കൂടുതലായിരുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്യൂന്റിനമാർക്ക ഗവർണർ ജോർജ് എമിലിയോ റേ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
കൽക്കരി, സ്വർണ ഖനനത്തിന് പേരുകേട്ട കൊളംബിയയിൽ ആവശ്യത്തിന് വായുസഞ്ചാരമില്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും കാരണം ഖനി അപകടങ്ങൾ പതിവാണ്. മിക്കപ്പോഴും അനധികൃത ഖനികളിലാണ് അപകടമുണ്ടാകാറുള്ളത്. ഇത്തവണ നിയമപരമായി പ്രവർത്തിച്ചിരുന്ന ഖനിയിലാണ് സ്ഫോടനം നടന്നതെന്നത് ഗൗരവമാണ്.











0 comments