സക്കർബർഗിന്റെ ഭാര്യ ആരംഭിച്ച 'ദി പ്രൈമറി സ്കൂൾ' അടച്ചുപൂട്ടി; വഴിയാധാരമായത് 540 വിദ്യാർഥികൾ

വാഷിങ്ടൺ: മെറ്റ സിഇഒ മാര്‍ക്ക് സക്കർബർഗിന്റെയും ഭാര്യ പ്രിസില്ല ചാന്റെയും നേതൃത്വത്തിലുള്ള 'ദി പ്രൈമറി സ്കൂൾ' പൂട്ടി. പാവപ്പെട്ട കുട്ടികളുടെ 'സമഗ്ര വികസനം' എന്ന് അവകാശപ്പെട്ടാണ് പ്രിസില്ല ചാൻ, 'ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്' എന്ന സംഘടനയുടെ പിന്തുണയോടെ 2016ൽ സ്കൂൾ ആരംഭിച്ചത്.
കലിഫോർണിയയിലെ ഈസ്റ്റ് പോളോ ആൾട്ടോയിൽ ആരംഭിച്ച സൗജന്യ സ്വകാര്യ സ്കൂളാണ് മുന്നറിയിപ്പുകളൊന്നും ഇല്ലാതെ പെട്ടെന്ന് അടച്ചുപൂട്ടിയത്. ചാൻ സക്കർബർഗ്, ഇനിഷ്യേറ്റീവ് എന്ന കോർപ്പറേറ്റ് ട്രസ്റ്റിന്റെ ഫണ്ട് നിർത്തലാക്കിയതോടെയാണ് സ്കൂൾ ബോർഡ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്.
സാമൂഹിക മേഖലയിലെ പദ്ധതികളിൽ നിന്ന് പിന്മാറി ശാസ്ത്രീയ ഗവേഷണങ്ങളിലേക്ക് മാറുകയാണെന്നാണ് സിസെഡ്ഐ നിരത്തുന്ന ന്യായീകരണം. സ്കൂളിനായി 125 ദശലക്ഷം ഡോളറിലധികം ചെലവാക്കിയെങ്കിലും, പിന്നീട് സാമ്പത്തിക സഹായം പിൻവലിച്ച് 540ഓളം പാവപ്പെട്ട വിദ്യാർഥികളെ പെരുവാഴിയിലാക്കുകയായിരുന്നു. പ്രിൻസിപ്പൽമാരെ അടിക്കടി മാറ്റിയതും തിരിച്ചടിയായി. സൗജന്യ ദന്തപരിശോധനയും മാനസികാരോഗ്യ സഹായവും നൽകി എന്ന് അവകാശപ്പെട്ടെങ്കിലും, വിദ്യാർഥികളുടെ പഠനനിലവാരം സംസ്ഥാന ശരാശരിയേക്കാൾ താഴെയായിരുന്നു.
സ്കൂൾ അടച്ചുപൂട്ടിയ വിവരം നേരിട്ട് അറിയിക്കാതെ മാധ്യമങ്ങളിലൂടെയാണ് പല രക്ഷിതാക്കളും അറിഞ്ഞത്. പ്രതീക്ഷിച്ച ഫലങ്ങൾ സ്കൂളിൽ നിന്നും നേടാൻ കഴിഞ്ഞില്ലെന്ന് പ്രിസില്ല ചാന്നും തുറന്നുസമ്മതിച്ചിരുന്നു. കഴിഞ്ഞ ജൂണിലാണ് സ്കൂൾ പ്രവർത്തനം അവസാനിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.










0 comments