ad
Deshabhimani

പാക് - അഫ്​ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; ആറ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് താലിബാൻ

Pakistan Afghanistan Conflict

photo credit: AFP

വെബ് ഡെസ്ക്

Published on Apr 06, 2026, 02:44 PM | 1 min read

ഇസ്ലാമാബാദ് : പാക്- അഫ്​ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം പുകയുന്നു. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ സൈന്യവും അഫ്ഗാൻ താലിബാനും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായതായി റിപ്പോർട്ട്. വെടിവയ്പിൽ ആറ് പാക് സൈനികർ കൊല്ലപ്പെട്ടതായി താലിബാൻ അവകാശപ്പെട്ടു. ഖോസ്റ്റ് പ്രവിശ്യയിലെ താനി ജില്ലയിലാണ് പുതിയ ഏറ്റുമുട്ടലുണ്ടായത്. ഞായർ രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുവശത്തുനിന്നും വ്യാപകമായ വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായി. നിരവധി പാക് സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റെന്നു പറഞ്ഞ അഫ്​ഗാൻ പാകിസ്ഥാൻ മിലിട്ടറി ഔട്ട്പോസ്റ്റിന്റെ നിയന്ത്രണം കയ്യടക്കിയതായും അവകാശപ്പെട്ടു. കൊല്ലപ്പെട്ട ഒരു പാക് സൈനികന്റെ മൃതദേഹം കൈവശപ്പെടുത്തിയെന്നും അവകാശവാദങ്ങളുണ്ട്. എന്നാൽ ഇവ സ്ഥിരീകരിച്ചിട്ടില്ല.


ഖോസ്റ്റ് പ്രവിശ്യയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം. വളരെക്കാലമായി ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ സംഘർഷം തുടരുന്നുണ്ട്. ഈദുൽ ഫിത്തർ പ്രമാണിച്ച് താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും മാർച്ച് 26ന് വെടിനിർത്തൽ കരാർ അവസാനിച്ചതിനുപിന്നാലെ വീണ്ടും വെടിവയ്പ് ആരംഭിച്ചു. മാർച്ചിൽ കാബൂളിലെ ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന് അഫ്​ഗാൻ ആരോപിച്ചിരുന്നു. എന്നാൽ ആയുധ ശേഖരങ്ങൾ മാത്രമാണ് ആക്രമിച്ചതെന്നാണ് പാകിസ്ഥാന്റെ വാദം.


അഫ്ഗാൻ താലിബാന്റെ സഖ്യകക്ഷിയായ തെഹ്‍രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി), 2021ൽ അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം പാകിസ്ഥാനിൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയും ഐക്യരാഷ്ട്രസഭയും ടിടിപിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തുന്ന ടിടിപി നേതാക്കൾക്കും ആയിരക്കണക്കിന് അംഗങ്ങൾക്കും അഫ്​ഗാൻ അഭയം നൽകുന്നുണ്ടെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു. ഇതിന്റെ പേരിലാണ് രാജ്യങ്ങൾക്കിടയിൽ സംഘർഷം രൂക്ഷമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home