Deshabhimani

വനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഗോത്ര വിഭാഗങ്ങള്‍ ഏറ്റുമുട്ടി; പെഷവാറിൽ ഏഴ് പേര്‍ കൊല്ലപ്പെട്ടു

Tribal Clash
വെബ് ഡെസ്ക്

Published on Nov 21, 2026, 04:29 PM | 1 min read

പെഷവാര്‍: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂൺഖ്യ പ്രവിശ്യയിലുള്ള ബട്ടാഗ്രാം ജില്ലയിൽ വനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിൽ തോക്കുകളുമായി ഏറ്റുമുട്ടി. വെടിവെപ്പിൽ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ജില്ലയിലെ ബിലിജ വനമേഖലയിൽ ഗിലാൽ, കലോച്ച് ഗോത്രങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.


ഖൈബർ പഖ്തൂൺഖ്യ പ്രവിശ്യയിലെ പ്രമുഖ പ്രാദേശിക ഗോത്രസമൂഹങ്ങളാണ് ഗിലാലും കലോച്ചും. ഗിലാൽ വിഭാഗം ബട്ടാഗ്രാം ജില്ലയിലെ അല്ലായ് താഴ്‌വരയിലുള്ളവരും കലോച്ച് വിഭാഗം സമീപ ജില്ലയായ കോഹിസ്ഥാനിൽ നിന്നുള്ളവരുമാണ്. ഈ മേഖലകളിലെ വനത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്നുണ്ട്.


കലോച്ച് ഗോത്രത്തിൽപ്പെട്ടവര്‍ ആയുധങ്ങളുമായി വനത്തിൽ നിലയുറപ്പിച്ച് വെടിയുതിർത്തതോടെ എതിർവിഭാഗം തിരിച്ചടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പിൽ ഗിലാൽ ഗോത്രത്തിലെ നാല് പേരും കലോച്ച് ഗോത്രത്തിലെ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്.


ബിലിജ വനത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണെന്നും മുൻപും ഇതേച്ചൊല്ലിയുണ്ടായ സംഘർഷങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.


ബട്ടാഗ്രാം, കോഹിസ്ഥാൻ ജില്ലകൾ ഉൾപ്പെടുന്ന ഹസാര ഡിവിഷൻ കുത്തനെയുള്ള മലനിരകളും വനങ്ങളും നിറഞ്ഞ പ്രദേശമാണ്. പാകിസ്ഥാനിൽ ഖൈബർ പഖ്തൂൺഖ്യ ബലൂചിസ്ഥാൻ, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ പ്രവിശ്യകളിൽ നൂറുകണക്കിന് ചെറുതും വലുതുമായ ഗോത്രവിഭാഗങ്ങൾ ജീവിക്കുന്നു. ഇത്തരം മലയോര മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും സർക്കാർ നിയമങ്ങളേക്കാൾ ഉപരിയായി ഗോത്രത്തലവന്മാരുടെ സഭയായ 'ജിർഗ' തീരുമാനങ്ങൾക്കാണ് ഇപ്പോഴും വലിയ സ്വാധീനമുള്ളത്. മലയോര മേഖലകളിലെ വനഭൂമി, മേച്ചിൽപ്പുറങ്ങൾ, ജലസ്രോതസ്സുകൾ എന്നിവയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അയൽഗോത്രങ്ങൾ തമ്മിൽ പതിറ്റാണ്ടുകൾ നീളുന്ന തർക്കങ്ങൾ സാധാരണമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home