print edition സഹകരണം ശക്തമാക്കാൻ ചൈന, യുഎസ്

ചൈനയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സെെനികർ സ്വീകരണം നൽകിയപ്പോൾ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സമീപം
ബീജിങ്: സാമ്പത്തിക സഹകരണം ശക്തമാക്കാനും പശ്‌ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ പരസ്‌പരം സഹകരിക്കാനും സന്നദ്ധത പ്രകടിപ്പിച്ച് അമേരിക്കയും ചൈനയും. ഔദ്യോഗിക സന്ദർശനത്തിന് ചൈനയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈന പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ധാരണ. എന്നാൽ, തയ്‌വാൻ വിഷയത്തിൽ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് ചൈന ട്രംപിന് മുന്നറിയിപ്പ് നൽകി. മാസങ്ങൾ നീണ്ടുനിന്ന വ്യാപാര തർക്കങ്ങൾക്കും അധികചുങ്ക പ്രഹരത്തിനും ശേഷമാണ് അനുനയ ശ്രമവുമായി ട്രംപ് ചൈനയിലെത്തിയത്. യുഎസും ചൈനയും ശത്രുക്കളല്ല, പങ്കാളികളാണെന്ന് ഷി പറഞ്ഞു. കൂടിക്കാഴ്‌ച "മികച്ചതായിരുന്നു’ എന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു.
ഷി ജിൻ പിങ്ങിനെ മികച്ച നേതാവ് എന്ന് വിശേഷിപ്പിച്ച ട്രംപ്, ചൈനയുടെ വിപണിയിൽ അമേരിക്കയ്‌ക്ക് കൂടുതൽ അവസരം വേണമെന്ന് അഭ്യർഥിച്ചു. ചൈനയുടെ വാതിലുകൾ അമേരിക്കൻ സ്ഥാപനങ്ങൾക്കായി കൂടുതൽ തുറന്നുകൊടുക്കുമെന്ന് ഷി ഉറപ്പുനൽകി. മൂന്ന് വർഷത്തേക്ക് ചൈന–യുഎസ് ബന്ധം സമാധാനപരമായി തുടരാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ തയ്യാറാണ്. ചൈന വാതിലുകൾ തുറന്നിടുകയാണ്. ഏറ്റവും വലിയ ചർച്ചാവിഷയം തായ്‌വാനാണ്. അക്കാര്യത്തിൽ ഇടപെടുന്പോൾ യുഎസ് കൂടുതൽ ജാഗ്രത പുലർത്തണം–അദ്ദേഹം പറഞ്ഞു.
അതേസമയം, ആഗോള ഉൗർജ പ്രതിസന്ധി മറികടക്കാൻ ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് അനിവാര്യമാണെന്ന് ഇരുനേതാക്കളും സമ്മതിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു. ഹോർമുസിലൂടെ പോകുന്ന കപ്പലുകൾക്ക് നികുതി ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഷി പ്രതികരിച്ചെന്നും റിപ്പോർട്ടുണ്ട്.










0 comments