ഇറാൻ, ജോർദാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് അടിയന്തര മാനുഷിക സഹായം നൽകും: ചെെന

ബീജിങ്: ഇറാൻ, ജോർദാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് അടിയന്തര മാനുഷിക സഹായം നൽകാൻ ചൈന തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ. 'നിലവിലുള്ള സംഘർഷം ഇറാനിലെയും മറ്റ് മേഖലയിലെ രാജ്യങ്ങളിലേയും ജനങ്ങൾക്ക് അസഹനീയമായ മാനുഷിക ദുരന്തങ്ങൾ വരുത്തിവച്ചിട്ടുണ്ട്. ജനങ്ങളോട് ചൈനയ്ക്ക് ആഴമേറിയ സഹതാപമുണ്ട്, ഞങ്ങള്‍ ഹൃദയം കൊണ്ട് അവരോട് സഹതാപിക്കുന്നു'- വാർത്താ സമ്മേളനത്തിൽ ലിൻ പറഞ്ഞു. സമാധാനവും വെടിനിർത്തലും പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും മാനുഷിക പ്രതിസന്ധി പടരുന്നത് തടയുന്നതിനും ചൈന പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഹോർമുസ് കടലിടുക്ക് തുറന്ന് കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കാൻ യുഎസ് ചെെനയുടേയും സഖ്യരാജ്യങ്ങളുടേയും സഹായം തേടിയിരുന്നു. എന്നാൽ യുഎസും ഇസ്രയേലും മുഴുവൻ സെെനിക നടപടിയും അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ചെെന ഇതിന മറുപടിയായി നൽകിയത്. യുഎസ് - ഇസ്രയേൽ അതിക്രമത്തിനെതിരെ ശക്തമായ വിമർശനമാണ് ചെെന നടത്തിയത്.
എന്തെല്ലാം ന്യായീകരണങ്ങൾ നിരത്തിയാലും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ആര് ഇടപെട്ടാലും ശക്തിയായി എതിർക്കുമെന്ന് സംഘർഷവുമായി ബന്ധപ്പെട്ട് ചൈന പ്രതികരിച്ചിരുന്നു. പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനേയിയെ നിയമിക്കാനുള്ള തീരുമാനം ഇറാന്റെ ആഭ്യന്തരകാര്യമാണെന്നും, ആ രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. മുജ്തബ ഖമേനിയെയും വാഴിക്കില്ലെന്ന് അമേരിക്കയും ഇസ്രയേലും പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വാർത്താസമ്മേളനത്തിലാണ് ചൈനയുടെ നിലപാട് വ്യക്തമാക്കിയത്.
എന്നാൽ ഇതുകൊണ്ടൊന്നും യുദ്ധത്തിൽ ഒരു അയവും വരുത്താതിരുന്നട യുഎസ് ഹോർമുസ് വിഷയത്തിൽ സഹായത്തിനായി ചെെനയെ സമീപിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ യുദ്ധക്കപ്പലുകളെ ഹോർമുസിലേക്കെത്തിച്ച് ഇറാന് ഭീഷണിയുണ്ടാക്കാമെന്ന യുഎസ് നീക്കവും പരാജയപ്പെടുകയായിരുന്നു. പല രാജ്യങ്ങളും ഇത്തരമൊരു ആവശ്യം അംഗീകരിക്കാൻ തയ്യാറായില്ല.










0 comments