നേരിയ ഇടിവ്, ആശ്വാസമില്ല; ലക്ഷത്തിൽ തുടർന്ന് സ്വർണവില

പ്രതീകാത്മക ചിത്രം, എഐ നിർമിതം
തിരുവനന്തപുരം: നാലു ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 13,930 രൂപയും പവന് 1,11,440 രൂപയിലുമെത്തി. നാലുദിവസം തുടർച്ചയായി 6000 രൂപയിലധികം കുതിച്ചതിന് ശേഷമാണ് ഇന്ന് പവന് 280 രൂപ കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 13,965 രൂപയും പവന് 1,11,720 രൂപയുമായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങി നിരവധി കാര്യങ്ങളാണ് സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ ബാധിക്കുന്നത്. പശ്ചിമേഷ്യയിലെ സാഹചര്യം മാറിയും മറിഞ്ഞും തുടരുന്നതിനാൽ വരും ദിവസങ്ങളിലും ഈ ചലനങ്ങൾ സ്വർണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് വിപണി വിദഗ്ദരുടെ വിലയിരുത്തൽ.
നടപ്പുവർഷം ജനുവരി 29ന് പവൻ വില 1,31,160 രൂപയിലെത്തി റെക്കാഡിട്ടിരുന്നു. എന്നാൽ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ സ്വർണവിലയിൽ വൻ ഇടിവുണ്ടായി. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യക്കാർ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.
വെള്ളിവില
സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് ഇന്നത്തെ വിപണി വില. 10 ഗ്രാമിന് 2,500 രൂപയും 100 ഗ്രാമിന് 25,000 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 2,50,000 രൂപയായി.









0 comments