ad
Deshabhimani

'അമേരിക്കയുടേത് നിയമവിരുദ്ധമായ ഏകപക്ഷീയ നടപടി'; സാമ്പത്തിക ഉപരോധ ഭീഷണി തള്ളി ചൈന

us china flag
വെബ് ഡെസ്ക്

Published on Aug 25, 2026, 08:10 PM | 1 min read

ബീജിങ്: ഇറാനുമേൽ സാമ്പത്തിക ഉപരോധം കടുപ്പിക്കാനും, ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കാനുമുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ചൈന. അമേരിക്കയുടേത് നിയമവിരുദ്ധമായ ഏകപക്ഷീയ നടപടിയാണെന്ന് ചൈന പറഞ്ഞു. സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


ഇറാനുമായി സാമ്പത്തിക ബന്ധം തുടരുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം.


ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യമാണ് ചൈന. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായാണ് ചൈനയും ഇറാനും തമ്മിലുള്ള സഹകരണം നടക്കുന്നതെന്നും, അതിൽ ആരും ഇടപെടേണ്ടതില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു. അമേരിക്കയുടെ ഉപരോധ ഭീഷണി ചൈനീസ് ബാങ്കുകളെ ഉൾപ്പെടെ ലക്ഷ്യമിടുന്നുണ്ട്.


അതേസമയം, അമേരിക്കയുടെ പുതിയ സാമ്പത്തിക ഉപരോധത്തെ നേരിടാൻ പൂർണ്ണ സജ്ജമാണെന്ന് ഇറാൻ പ്രതികരിച്ചു. ഉപരോധങ്ങൾ നേരിടാൻ രണ്ട് വർഷത്തെ കൃത്യമായ പദ്ധതിയുണ്ടെന്ന് ഇറാൻ സാമ്പത്തിക കാര്യ മന്ത്രി അലി മദനിസാദെ പറഞ്ഞു. ഈ നീക്കം അമേരിക്കയുടെ മറ്റൊരു തോൽവിക്ക് വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


രണ്ട് മാസമായി തുടരുന്ന ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ സാമ്പത്തിക ഉപരോധ നീക്കം. യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ ആക്രമണത്തിനു പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് ഇറാൻ തടസ്സപ്പെടുത്തിയത് ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കാൻ കാരണമായിരുന്നു. ഇതിനുശേഷമാണ് ഉപരോധം ശക്തമാക്കാൻ അമേരിക്ക തീരുമാനിച്ചത്.


എന്നാൽ, അമേരിക്കയുടെ പുതിയ ഉപരോധം ഇറാനിയൻ എണ്ണ വ്യാപാരത്തെ വലിയ തോതിൽ ബാധിക്കാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇറാൻ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും വാങ്ങുന്നത് ചൈനയാണ്. അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധങ്ങളെ ചൈന മുൻപും അംഗീകരിച്ചിട്ടില്ല. ഇതോടെ ആഗോളതലത്തിൽ വ്യാപാര തർക്കങ്ങൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home