ചബഹാർ: അമേരിക്കൻ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും, ഇന്ത്യക്ക് വെല്ലുവിളി

ഇറാനിലെ ചബഹാർ തുറമുഖം (Image Credit: Wikipedia)
ന്യൂഡൽഹി : ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിക്ക് ഏർപ്പെടുത്തിയ അമേരിക്കൻ ഉപരോധ ഇളവ് ഈ ഏപ്രിൽ 26ന് അവസാനിക്കും.
ഇതോടെ ഇന്ത്യയുടെ വിദേശനയത്തിന് മേൽ കടുത്ത സമ്മർദമുണ്ടാകും. തന്ത്രപരമായ സ്വയംഭരണാധികാരം നിലനിർത്തുക എന്നതിനൊപ്പം അമേരിക്കൻ ഉപരോധത്തെ എങ്ങനെ മറികടക്കും എന്നതും ഇന്ത്യക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്. ഇരുപത്തി മൂന്ന് വർഷങ്ങളായി തുടരുന്ന ഈ പ്രധാന പദ്ധതിയിൽ നിന്ന് പിന്മാറണോ അതോ അമേരിക്കൻ ഉപരോധത്തെ അവഗണിച്ച് പദ്ധതി തുടരണോ എന്ന നിർണായക തീരുമാനം കേന്ദ്ര സർക്കാർ എടുക്കേണ്ടതുണ്ട്.
ചബഹാർ പദ്ധതിയിൽ നിന്ന് ഘട്ടംഘട്ടമായി പിന്മാറാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് 2025 ഒക്ടോബറിലാണ് അമേരിക്ക അവസാനമായി ആറുമാസത്തേക്ക് ഇളവ് നീട്ടിനൽകിയത്. അന്നുമുതൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അമേരിക്കൻ ഉദ്യോഗസ്ഥരുമായി നിരന്തര ചർച്ചകൾ നടത്തിവരികയായിരുന്നു. എന്നാൽ യുഎസ് - ഇറാൻ യുദ്ധസാഹചര്യത്തെ തുടർന്നുള്ള കർശന ഉപരോധ നടപടികൾ കണക്കിലെടുക്കുമ്പോൾ ഇനി ഇളവ് നീട്ടിക്കിട്ടാൻ സാധ്യതയില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കായി നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 19ന് കാലാവധി അവസാനിച്ച ഈ ഇളവുകൾ പുനഃസ്ഥാപിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡ് ആണ് ചബഹാര്‍ നിയന്ത്രിക്കുന്നത്. ചബഹാര്‍ തുറമുഖ കമ്പനിയില്‍ ഐപിജിഎല്ലിനുള്ള ഓഹരികള്‍ തല്‍ക്കാലം ഇറാനിയന്‍ കമ്പനിക്ക് കൈമാറാനാണ് പദ്ധതി.











0 comments