കാനഡയുടെ വിസ നിയന്ത്രണ നിയമം: ഇന്ത്യക്കാർക്ക് വൻ തിരിച്ചടി

ഒട്ടാവ: കാനഡയിൽ ഈമാസം ആദ്യം നിലവിൽവന്ന പുതിയ വിസ നിയന്ത്രണ നിയമം ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്ക് തിരിച്ചടിയാകും. വിദേശ വിദ്യാർഥികൾ, തൊഴിലാളികൾ, കുടിയേറ്റക്കാർ എന്നിവരുടെ വിസകളിൽ ഏത് സമയത്തും ഏത് തരത്തിലുമുള്ള മാറ്റവും വരുത്താൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പൂർണ അധികാരം നൽകുന്നതാണ് പുതിയ ചട്ടം.
ഇതുപ്രകാരം ഇ- വിസകൾ പോലുള്ള ഇലക്ട്രോണിക് യാത്രാ രേഖകളും താൽകാലിക റെസിഡന്റ് വിസകളും നിരസിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയും. രാജ്യത്ത് പുതുതായി വരുന്നവരുടേയോ നിലവിൽ കാനഡയിൽ കഴിയുന്നവരുടെയോ തൊഴിൽ പെർമിറ്റുകളും വിദ്യാർഥി വിസകളും റദ്ദാക്കാനും അവർക്ക് സാധിക്കും. വിമാനത്താവളങ്ങളിലോ, തുറമുഖങ്ങളിലോ വച്ച് വിസ റദ്ദാക്കി അവിടെനിന്നുതന്നെ വിദേശികളെ തിരിച്ചയക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം നൽകി.
കാനഡയിൽ 4.2 ലക്ഷം ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. താൽകാലിക വിസയിലെത്തുന്ന വിനോദ സഞ്ചാരികളും കൂടുതൽ ഇന്ത്യയിൽനിന്നാണ്. 2024ന്റെ ആദ്യ പകുതിയിൽ മാത്രം 3.6 ലക്ഷം ഇന്ത്യക്കാർക്കാണ് കാനഡ സന്ദർശക വിസ അനുവദിച്ചത്.











0 comments