ad
Deshabhimani

തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തുന്നത് നിയമവിരുദ്ധ അധിനിവേശം; രൺദീപ് സരായ്‌

Randeep Sarai

രൺദീപ് സരായ്‌ | Photo by The Globe and Mail/Bilal Hussein/The Associated Press

വെബ് ഡെസ്ക്

Published on Aug 19, 2026, 09:55 PM | 1 min read

ബെയ്റൂട്ട് : തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തുന്നത് നിയമവിരുദ്ധമായ അധിനിവേശമാണെന്ന് കാനഡയുടെ സ്റ്റേറ്റ് സെക്രട്ടറി രൺദീപ് സരായ്‌. കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് മാനുഷിക സഹായവും സരായ് പ്രഖ്യാപിച്ചു. ലെബനന് അതിർത്തിയിൽ പരമാധികാരം ഉണ്ടായിരിക്കണമെന്നും സരായ് പറഞ്ഞു. ബെയ്റൂട്ട് സന്ദർശനത്തിനിടെയാണ് കാനഡയുടെ അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയുടെ പരാമർശം.


ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഏകദേശം 3,60,000 ആളുകൾ പലായനം ചെയ്തിട്ടുണ്ടെന്ന് യുഎൻ കണക്കുകൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സരായ് ബെയ്റൂട്ടിൽ സന്ദർശനം നടത്തിയത്. നയതന്ത്ര മാർഗങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കാനും, ലെബനൻ ജനതയെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാനും കാനഡ ശ്രമിക്കുന്നുണ്ടെന്ന് സരായ് പറഞ്ഞു.


അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധം വീണ്ടും ആരംഭിച്ചത്. ഈ യുദ്ധത്തിൽ 4,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും തെക്കൻ ലെബനനിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് വീട് നഷ്ടപ്പെട്ടു. ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നത് വരെ ലെബനനിൽ നിന്ന് പിന്മാറില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.


ഗാസയിലെയും ലെബനനിലെയും ഇസ്രയേലിന്റെ സൈനിക നടപടികളെ കാനഡ വിമർശിച്ചു. ഹിസ്ബുള്ളയെ ഒരു ഭീകര സംഘടനയായി പട്ടികപ്പെടുത്തുകയും ഇസ്രയേലിനെതിരായ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. വലിയൊരു വിഭാ​ഗം ലെബനീസ് പ്രവാസി സമൂഹമുള്ള രാജ്യമാണ് കാനഡ. ലെബനനിലെ അഭയാർഥികളായ സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിന് മൂന്ന് പുതിയ പദ്ധതികളും സരായ് പ്രഖ്യാപിച്ചു. ഇതോടെ ഈ വർഷം ലെബനന് കാനഡ നൽകുന്ന സഹായം 71 മില്യൺ കനേഡിയൻ ഡോളറിലധികമായി. കഴിഞ്ഞ പത്തു വർഷത്തിനിടെ ലെബനന് ഏകദേശം 800 ദശലക്ഷം കനേഡിയൻ ഡോളർ സഹായമായി നൽകിയിട്ടുണ്ട്. ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ, പ്രധാനമന്ത്രി നവാഫ് സലാം എന്നിവരുമായും സരായ് കൂടിക്കാഴ്ച നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home