ലോക കരാട്ടെ വേദിയിലേക്ക് കുവൈത്തിൽനിന്ന് അച്ഛനും മകനും

കുവൈത്ത് സിറ്റി : കരാട്ടെയോടുള്ള അച്ഛന്റെ പതിറ്റാണ്ടുകൾ നീണ്ട ആത്മബന്ധവും അതേ വഴിയിലൂടെ വളർന്ന മകന്റെ മത്സരസ്വപ്നവും ലോകവേദിയിൽ സംഗമിക്കും. 20 മുതൽ 23 വരെ ബ്രസീലിൽ നടക്കുന്ന ജപ്പാൻ കരാട്ടെ ഷോട്ടോ ഫെഡറേഷൻ (ജെകെഎസ്) ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തൃശൂർ മുല്ലശ്ശേരി ഷാവോലിൻ സ്വദേശികളായ നൈനാൻ തോമസ് വിതയത്തിലും മകൻ ഷാവോലിൻ തോമസ് വിതയത്തിലും കുവൈത്തിൽനിന്ന് യാത്രതിരിച്ചു.
കാൽനൂറ്റാണ്ടിലേറെയായി കുവൈത്തിൽ പ്രവാസിയായ നൈനാൻ തോമസ്, ജെകെഎസ് കുവൈത്തിന്റെയും ജെകെഎസ് ഇന്ത്യ ഷാവോലിൻ അക്കാദമിയുടെയും ചെയർമാനും ചീഫ് ഇൻസ്ട്രക്ടറുമാണ്. ലോക ചാമ്പ്യൻഷിപ്പിൽ റഫറി കമ്മിറ്റിയംഗമായാണ് അദ്ദേഹം പങ്കെടുക്കുന്നത്. തന്റെ ശിഷ്യനും മകനുമായ ഷാവോലിൻ തോമസ് മൂന്ന് മത്സരയിനങ്ങളിൽ കുവൈത്തിനെ പ്രതിനിധീകരിക്കും.
ഇൻഡിവിജ്വൽ കുമിത്തെ, കാറ്റ, ജെകെഎസ് കൊട്ടൻ കാറ്റ എന്നീ വിഭാഗങ്ങളിലാണ് ഷാവോലിൻ മത്സരിക്കുന്നത്. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ഷാവോലിൻ 2022-ൽ ടോക്കിയോയിൽ നടന്ന മത്സരത്തിലും ദുബായിലും കുവൈത്തിലുമായി നടന്ന വിവിധ ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. പരിശീലകനും റഫറിയുമായി അച്ഛനും മത്സരാർഥിയായി മകനും ഒരേ ലോകവേദിയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
കുവൈത്തിലെത്തുംമുമ്പുതന്നെ കരാട്ടെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നൈനാൻ പ്രവാസജീവിതത്തിലുടനീളം പരിശീലനരംഗത്ത് സജീവമാണ്. ആയോധനകലയോടുള്ള തന്റെ താൽപര്യമാണ് നാട്ടിലെ പ്രദേശത്തിന് ‘ഷാവോലിൻ’ എന്ന പേര് ലഭിക്കുന്നതിലേക്കുപോലും വഴിതെളിച്ചതെന്ന് നൈനാൻ പറയുന്നു. നാല് പതിറ്റാണ്ടുമുമ്പ് ‘കിസാൻ റോഡ്’ എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇന്ന് ഔദ്യോഗിക രേഖകളിലും ഷാവോലിൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ പേര് തന്നെയാണ് മകനും നൽകിയിരിക്കുന്നത്.
നാട്ടിലെ ഷാവോലിനിൽ ജെകെഎസ് ഇന്ത്യ ഷാവോലിൻ അക്കാദമി നടത്തുന്ന നൈനാൻ, ഹവല്ലി കേന്ദ്രീകരിച്ചും കരാട്ടെ പരിശീലനം നൽകുന്നുണ്ട്. കുവൈത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലും പരിശീലകനായി പ്രവർത്തിക്കുന്നു. നൈനാന്റെ ശിഷ്യൻ ഗോവ സ്വദേശിയായ വെയിനും കുവൈത്തിൽനിന്ന് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.









0 comments