ബൾഗേറിയയിൽ ആരുവരും, അഞ്ച് വർഷത്തിനിടെ എട്ടാമത്തെ തെരഞ്ഞെടുപ്പ്

Image Courtesy: NurPhoto/picture alliance
സോഫിയ: രാഷ്ട്രീയ അസ്ഥിരത തുടരുന്ന ബൾഗേറിയയിൽ അഞ്ച് വർഷത്തിനിടയിൽ നടക്കുന്ന എട്ടാമത്തെ പൊതുതെരഞ്ഞെടുപ്പ് ലോക ശ്രദ്ധയിൽ. ദീർഘകാലമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്ക് അറുതി വരുത്തി ശക്തമായ ഒരു പാർലമെന്റ് നിലവിൽ വരുമെന്ന പ്രതീക്ഷയിലാണ് 6.5 ദശലക്ഷം വരുന്ന ബൾഗേറിയൻ ജനത ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്.
2021-ൽ ബോയ്‌ക്കോ ബോറിസോവിന്റെ (Boyko Borissov) കൺസർവേറ്റീവ് ഭരണം അവസാനിച്ചതുമുതൽ ബൾഗേറിയയിൽ ഒരു സർക്കാരിനും ഒരു വർഷത്തിൽ കൂടുതൽ ആയുസ്സുണ്ടായിട്ടില്ല. ഭിന്നിച്ചു നിൽക്കുന്ന പാർലമെന്റും ദുർബലമായ സഖ്യകക്ഷികളുമാണ് രാജ്യത്തെ തളർത്തുന്നത്.
കഴിഞ്ഞ ഡിസംബറിൽ അഴിമതിക്കെതിരെ രാജ്യത്തുടനീളം നടന്ന വൻ പ്രതിഷേധങ്ങളെത്തുടർന്ന് കൺസർവേറ്റീവ് സർക്കാർ രാജിവെച്ചതാണ് പെട്ടെന്നുള്ള തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ വേണമെന്ന ആവശ്യവുമായി ലക്ഷക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്.
യുവാക്കളുടെ പിന്തുണയിൽ മുൻ പ്രസിഡന്റ് റുമെൻ റാദേവ് (Rumen Radev) നയിക്കുന്ന 'പ്രോഗ്രസീവ് ബൾഗേറിയ' സഖ്യത്തിനാണ് സർവേകൾ മുൻതൂക്കം പ്രവചിക്കുന്നത്. 62 വയസ്സുകാരനായ ഈ മുൻ എയർഫോഴ്സ് കമാൻഡർക്ക് 30 ശതമാനത്തിലധികം വോട്ടുകൾ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ട് ജനുവരിയിൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ച അദ്ദേഹം, രാജ്യത്തെ "ഒളിഗാർക്കിക് ഭരണ മാതൃക" അവസാനിപ്പിക്കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്.
തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം
യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗമായ ബൾഗേറിയയിൽ, റഷ്യൻ അനുകൂല നിലപാടുള്ള ഒരു നേതാവ് അധികാരത്തിൽ വരുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. മുൻ പ്രധാനമന്ത്രി ബോയ്‌ക്കോ ബോറിസോവിന്റെ നേതൃത്വത്തിലുള്ള 'GERB' പാർട്ടിയാണ് റാദേവിന്റെ പ്രധാന എതിരാളി. നിലവിൽ ബോറിസോവിനേക്കാൾ 10 ശതമാനം മുന്നിലാണ് പുരോഗമന പക്ഷത്തുള്ള റാദേവ് എന്നാണ് റിപ്പോർട്ടുകൾ.
രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 8 മണിക്ക് അവസാനിക്കും. എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് രാത്രിയോടെ തന്നെ അറിയാൻ സാധിക്കും. ഔദ്യോഗികമായ പ്രാഥമിക ഫലങ്ങൾ തിങ്കളാഴ്ച പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.









0 comments