Deshabhimani

കശ്മീർ വിഷയത്തിൽ നിലപാട് രേഖപ്പെടുത്തി; ബ്രിട്ടീഷ് കൗൺസിലർ പാകിസ്ഥാനിൽ കസ്റ്റഡിയിൽ

Daalat Ali
വെബ് ഡെസ്ക്

Published on Oct 30, 2026, 12:36 PM | 1 min read

ഇസ്ലാമാബാദ് : കശ്മീർ വിഷയത്തിൽ നിലപാട് പറഞ്ഞതിന്റെ പേരിൽ ബ്രിട്ടീഷ് കൗൺസിലർ ദാലത്ത് അലിയെ പാകിസ്ഥാനിൽ തടഞ്ഞതായി റിപ്പോർട്ട്. ബ്രിട്ടനിലേക്ക് മടങ്ങാനായി ലാഹോർ വിമാനത്താവളത്തിലെത്തിയ അലിയെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കുകയായിരുന്നു. പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ്ഐഎ) നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് അലിയെന്നാണ് ആരോപണം.


രണ്ടാഴ്ച മുമ്പ് റോച്ച്ഡെയിൽ മേയർ ഫൈസൽ റാണയുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പമാണ് അലി പാകിസ്ഥാനിലെത്തിയത്. റോച്ച്ഡെയിൽ കൗൺസിലിന്റെ ഡെപ്യൂട്ടി ലീഡറും ലേബർ പാർട്ടി കൗൺസിലറുമാണ് ദാലത്ത് അലി. സിവിൽ പ്രതിനിധി സംഘത്തിന്റെ ഭാഗമായി പഞ്ചാബിലെ സാഹിവാളിൽ എത്തിയതായിരുന്നു. റോച്ച്ഡെയിലും സാഹിവാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.


പാകിസ്ഥാനിലെത്തിയപ്പോൾ ഇസ്ലാമാബാദ് വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ദാലത്ത് അലിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അതിനുശേഷം പ്രതിനിധി സംഘത്തോടൊപ്പം യാത്ര തുടരാൻ അനുവദിച്ചു. എന്നാൽ, മടക്കയാത്രയ്ക്ക് മുൻപ് ലാഹോർ വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥർ തടയുകയായിരുന്നു. തിരിച്ചു പോകുന്നതിന് കൂടുതൽ രേഖകൾ സമർപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.


കശ്മീർ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ദാലത്ത് അലി നിലപാട് അറിയിച്ചിരുന്നു. കശ്മീരുകാരുടെ അവകാശങ്ങൾക്കായി പ്രചാരണ‍വും നടത്തിയിരുന്നു ഇതിന് പിന്നിലെന്നാണ് അലിയുടെ യാത്ര പാകിസ്ഥാൻ തടഞ്ഞത്. എന്നാൽ, അദ്ദേഹത്തെ നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് മാനദണ്ഡത്തിലാണ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യാത്ര തടഞ്ഞതിന്റെ ഔദ്യോഗിക വിശദീകരണവും പാകിസ്ഥാൻ അധികൃതർ നൽകിയിട്ടില്ല.


പാകിസ്ഥാൻ ദാലത്ത് അലിയെ ഹ്രസ്വകാലത്തേക്ക് കസ്റ്റഡിയിലെടുത്തതായി റോച്ച്ഡെയിൽ കൗൺസിലാണ് സ്ഥിരീകരിച്ചത്. കശ്മീർ വിഷയത്തിലെ അദ്ദേഹത്തിന്റെ പ്രതികരണങ്ങളാണ് നടപടിക്ക് കാരണമെന്നാണ് കൗൺസിലിന്റെ പ്രതികരണം. ബ്രിട്ടന്റെ വിദേശകാര്യ, കോമൺവെൽത്ത് വികസന കാര്യാലയം (എഫ്സിഡിഒ) പ്രാദേശിക അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home