"അബുദാബിയിൽ നെതന്യാഹുവിന്റെ രഹസ്യ സന്ദര്‍ശനം" ബ്രിക്സ് ഉച്ചകോടിയിൽ തുറന്നടിച്ച് ഇറാൻ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ന്യൂഡൽഹിയിൽ ബ്രിക്സ് വേദിയിൽ image courtesy: X/@MEAIndia/PTI
ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധസമയത്ത് അബുദാബിയിൽ രഹസ്യ സന്ദർശനം നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ യുഎഇ ഇതിന് മറുപടി പറയേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്. ന്യൂഡൽഹിയിൽ ആരംഭിച്ച ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ഇറാനും യുഎഇയും തമ്മിലുള്ള തർക്കം മറനീക്കിയത്. മെയ് 14 വ്യാഴാഴ്ച ന്യൂഡൽഹിയിൽ എത്തിയ അരാഗ്ചി യുഎഇ വിദേശകാര്യ സഹമന്ത്രിയുമായി ഉച്ചകോടിയിൽ നേരിട്ട് കൂടിക്കാഴ്ച നടത്താനിരിക്കയാണ്. ഇതിനിടെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അമര്‍ഷം പരസ്യമാക്കിയത്.
യുദ്ധകാലത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇ സന്ദർശിച്ചുവെന്ന വിവരം അദ്ദേഹത്തിന്റെ ഓഫീസാണ് പുറത്തുവിട്ടത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. ഇറാന്റെ സുരക്ഷാ ഏജൻസികൾ നേരത്തെ തന്നെ കണ്ടെത്തിയ കാര്യങ്ങളാണ് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇസ്രായേലുമായി ചേർന്ന് ഇറാനെതിരെ ഗൂഢാലോചന നടത്തുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്," എന്ന് അരാഗ്ചി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
യുദ്ധത്തിനെതിരെ ബ്രിക്സ് അംഗരാജ്യങ്ങൾ പുറപ്പെടുവിക്കേണ്ട സംയുക്ത പ്രസ്താവന തങ്ങളുടെ ഒരു "അയൽരാജ്യം" തടസ്സപ്പെടുത്തുകയാണെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കസീം ഗരീബാബാദി ആരോപിച്ചു. ഇറാന്റെ സൈനിക തന്ത്രങ്ങളെ അപലപിക്കുന്ന തരത്തിലുള്ള പ്രതികരണം സ്വരൂപിക്കാൻ യുഎഇ ശ്രമിക്കുന്നുവെന്നാണ് ഇറാന്റെ വാദം.
പേർഷ്യൻ ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗത സുരക്ഷയ്ക്കായി ഇറാൻ പുതിയ പ്രോട്ടോക്കോൾ കൊണ്ടുവരികയാണെന്ന് ഗരീബാബാദി വ്യക്തമാക്കി. കഴിഞ്ഞ പതിറ്റാണ്ടുകളായി ഇറാൻ സൗജന്യമായാണ് സുരക്ഷാ സേവനങ്ങൾ നൽകിയിരുന്നത്.ഇനി മുതൽ കപ്പലുകളിൽ നിന്ന് ഇതിനായി നിശ്ചിത തുക ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. ഇസ്രായേലിനെയോ അമേരിക്കയെയോ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമായി ഈ കാര്യത്തിൽ തങ്ങൾ സഹകരിക്കില്ല- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തര്‍ക്കത്തിന് നടുവിൽ ഇന്ത്യ
ബ്രിക്സ് അധ്യക്ഷ രാജ്യം എന്ന നിലയിൽ ഇന്ത്യ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാവും. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഇന്ത്യ മുൻഗണന നൽകുന്നു. എങ്കിലും, രണ്ട് പ്രധാന പശ്ചിമേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള തുറന്ന പോരാട്ടം ബ്രിക്സ് ഉച്ചകോടിയുടെ ഐക്യത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. യു എ ഇ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. നെതന്യാഹു യുഎഇ സന്ദർശിച്ചുവെന്ന വിവരം സ്ഥിരീകരിക്കയും ചെയ്തിട്ടില്ല.
ഈ വർഷം ഇന്ത്യയാണ് ബ്രിക്സ് അധ്യക്ഷ പദവി വഹിക്കുന്നത്. ഇറാന്റെ പുതിയ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യാഴാഴ്ച രാവിലെ തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ സ്ഥാപക രാജ്യങ്ങൾക്ക് പുറമെ ഇറാൻ, യു.എ.ഇ, ഈജിപ്ത്, എത്യോപ്യ തുടങ്ങിയ പുതിയ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഇതിൽ പങ്കെടുക്കുന്നുണ്ട്.










0 comments